മലപ്പുറം: നിരന്തര ആരോപണങ്ങളിലൂടെ സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കിയ പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധവുമായി സ്വന്തം മണ്ഡലമായ നിലമ്പൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍.
അന്‍വര്‍ പാര്‍ട്ടിയെ ഇകഴ്ത്താന്‍ ശ്രമിക്കുന്ന ആളുകളുടെ ചട്ടുകമായി മാറുന്നെന്ന് ആരോപിച്ച പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ജങ്ഷനിലൂടെയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ അന്‍വറിന്റെ കോലവും കത്തിച്ചിട്ടുണ്ട്. എടക്കര ഏരിയാ കമ്മിറ്റിയുടെ നേതത്വത്തിലാണ് പ്രതിഷേധം നടന്നത്.
അടുത്ത മാസം 20,21 തിയ്യതികളില്‍ ഇവിടുത്തെ ലോക്കല്‍ കമ്മിറ്റി യോഗം നടക്കാനിരിക്കവെയാണ് പ്രകടനങ്ങള്‍ നടന്നത്.
ചെങ്കൊടിയെ ചതിക്കാന്‍ അന്‍വര്‍ മുതിരരുതെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ തങ്ങളുടെ വോട്ട് വാങ്ങിയാണ് വിജയിച്ചതെന്ന കാര്യം അന്‍വര്‍ മറക്കരുതെന്നും കുറ്റപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അന്‍വറിനെതിരെ പത്രസമ്മേളനം നടത്താന്‍ തീരുമാനിക്കുന്നതിന് മുന്നേ തന്നെ പരസ്യ പ്രതിഷേധം നടത്തുമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നും വലിയ സംഭവങ്ങള്‍ വരാന്‍ ഇരിക്കുന്നതേയുള്ളുവെന്നാണ് ഈ സംഭവത്തില്‍ പി.വി അന്‍വര്‍ പ്രതികരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ന്യൂദല്‍ഹിയില്‍വെച്ച് നടന്ന പത്രസമ്മേളനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വലതുക്ഷത്തിന്റെ കോടാലിയായി അന്‍വര്‍ മാറുകയാണെന്ന് വിമര്‍ശിച്ചിരുന്നു.
കൂടാതെ അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്നവരും പാര്‍ട്ടി സഖാക്കളും രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തിരുന്നു.
‘കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വ്യക്തിയാണ് പി.വി. അന്‍വറെന്നാണ് അദ്ദേഹത്തിന്റെ നിലപാടുകളില്‍നിന്ന് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ് പി.വി. അന്‍വര്‍. പിന്നീട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും മത്സരിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന അന്‍വറിന്റെ വാദം തെറ്റാണ്.
പി.വി. അന്‍വറിന് ഇതുവരെ ഒരു സി.പി.ഐ.എം എം.എല്‍.എയാകാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. സി.പി.ഐ.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ മാത്രമാണ് പി.വി. അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയില്ല,’ എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: protest against P.V Anwar on Nilambur by CPIM workers