ലോക്സഭയിലെ പരാമർശം; ക്ഷേത്രപ്പടികളില്‍ രാഹുലിന്റെ ചിത്രം പതിപ്പിച്ച് ചവിട്ടിക്കടന്ന് ഹിന്ദുത്വവാദികൾ
national news
ലോക്സഭയിലെ പരാമർശം; ക്ഷേത്രപ്പടികളില്‍ രാഹുലിന്റെ ചിത്രം പതിപ്പിച്ച് ചവിട്ടിക്കടന്ന് ഹിന്ദുത്വവാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2024, 6:39 pm

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു ക്ഷേത്രത്തിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍, രാഹുലിന്റെ ചിത്രം ക്ഷേത്രപ്പടികളില്‍ പതിപ്പിച്ചതായി കാണാം. ഈ ചിത്രത്തില്‍ ചവിട്ടി ഹിന്ദുത്വവാദികൾ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളാണ് എക്സില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സൂചന. എന്നാല്‍ ക്ഷേത്രം ഏതാണെന്നതില്‍ വ്യക്തതയില്ല. നിരവധി ആളുകളാണ് ഈ ദൃശ്യങ്ങള്‍ എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പടികളില്‍ പതിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഹിന്ദുക്കളെ ആക്രമികളെന്ന് വിളിക്കുന്ന ഒരാള്‍ തുടച്ചുനീക്കപ്പെടേണ്ടതുണ്ട് എന്നും എഴുതിയിട്ടുണ്ട്.


ഇന്ത്യ എന്ന ആശയത്തെ ബി.ജെ.പി ആക്രമിക്കുന്നുവെന്നും ഹിന്ദു എന്ന് അവകാശപ്പെടുന്ന ചിലര്‍ രാജ്യത്ത് ആക്രമണം നടത്തുകയാണെന്നും ലോക്‌സഭയില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മഹാരാഷ്ട്രയിലെ ക്ഷേത്രം പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചത്. സംഭവം നടന്നിരിക്കുന്നത് എന്‍.ഡി.എ കക്ഷി ഭരിക്കുന്ന സംസ്ഥാനത്താണെന്നും ബി.ജെ.പി അനുകൂലികള്‍ക്ക് മാന്യമായ രീതിയില്‍ പ്രതിഷേധിക്കാന്‍ അറിയില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി മഹാരാഷ്ട്ര നേതൃത്വത്തെ സംബന്ധിച്ച് ലോക്‌സഭയില്‍ കനത്ത തോല്‍വിയാണ് സംസ്ഥാനത്ത് നേരിട്ടത്. ഇന്ത്യാ സഖ്യത്തിന്റെ മികച്ച പ്രകടനമാണ് മഹാരാഷ്ട്രയില്‍ കണ്ടത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തെരഞ്ഞെടുപ്പില്‍ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചുമതലകളില്‍ നിന്ന് ഒഴിയാന്‍ ഫഡ്നാവിസ് പാര്‍ട്ടിയെ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ രാജി പാര്‍ട്ടി അനുകൂലികളില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ആവശ്യം നിഷേധിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിലെ തോല്‍വിയും തുടര്‍ന്നുണ്ടായ ഭിന്നതകളും കൊഴിഞ്ഞുപോക്കുകളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായാണ് രാഹുലിനെതിരെയുള്ള ഈ പ്രതിഷേധമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Content Highlight: Protest against Opposition Leader Rahul Gandhi’s Hindu reference in Lok Sabha