Daily News
കാര്യവട്ടത്ത് സ്റ്റേഡിയം ഉദ്ഘാടനത്തിനിടെ ഉമ്മന്‍ചാണ്ടിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jan 26, 12:19 pm
Monday, 26th January 2015, 5:49 pm

Oommenതിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം. ദേശീയ ഗെയിംസിലെ അഴിമതി ആരോപിച്ചാണ് പ്രതിഷേധം. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് മുഖ്യമന്ത്രി തുടര്‍ന്ന് സംസാരിച്ചത്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്കാണ് കാര്യവട്ടത്തെ സ്‌റ്റേഡിയം ഒരുങ്ങുന്നത്. അഴിമതി ചൂണ്ടിക്കാണിച്ചാല്‍ അന്വേഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടു ത്തുകയാണെന്നും ഇത് അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ്, എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, എം.എ വാഹിദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ദേശീയഗെയിംസിന്റെ സമാപന ചടങ്ങുമാത്രമാണ് ഈ സ്റ്റേഡിയത്തില്‍ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്.