ബീഹാറില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ കാണാനെത്തിയ നിതീഷ് കുമാറിനെതിരെ പ്രതിഷേധം; മരണം 108 ആയി
national news
ബീഹാറില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ കാണാനെത്തിയ നിതീഷ് കുമാറിനെതിരെ പ്രതിഷേധം; മരണം 108 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 1:25 pm

പാറ്റ്‌ന: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ട കുട്ടികളുടെ എണ്ണം 108 ആയി. രണ്ട് ആശുപത്രികളിലായി 300ലേറെ കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. അസുഖം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടാഴ്ചയായെങ്കിലും കുട്ടികളെ ഇന്ന് ആദ്യമായി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പ്രതിഷേധം ഉയര്‍ന്നു.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ നിതീഷ് കുമാര്‍ കുട്ടികളുടെ രക്ഷിതാക്കളെയും ബന്ധുക്കളെയും കാണാന്‍ തയ്യാറായിട്ടില്ല.

1-10 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് അസുഖം കൂടുതല്‍ ബാധിച്ചത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെട്ടത്. 88 കുട്ടികളാണ് ഇവിടെ മരിച്ചത്. കെജ്‌രിവാള്‍ സ്വകാര്യ ആശുപത്രിയിലാണ് മറ്റു കുട്ടികള്‍ മരണപ്പെട്ടത്.

കുട്ടികള്‍ മരിച്ചു വീഴുമ്പോഴും പ്രാഥമിക സൗകര്യങ്ങളില്ലാതെയാണ് ഈ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്നലെ രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ ഇന്ത്യ-പാക് മത്സരത്തിന്റെ സ്‌കോര്‍ ചോദിക്കുന്നതിന്റെയും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ ഉറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അസുഖത്തിന്റെ യത്ഥാര്‍ഥകാരണം പോലും കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിയാത്ത സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ വന്നത്.