സോള്‍: സോള്‍ സമാധാനപുരസ്‌ക്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്നതില്‍ പ്രതിഷേധമറിയിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 എന്‍.ജി.ഒകള്‍. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന വംശഹത്യക്ക് കാരണക്കാരനായ ഒരാള്‍ക്ക് സമാധാന സമ്മാനം വാങ്ങാന്‍ യാതൊരു യോഗ്യതയുമില്ലെന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. സോള്‍ സമാധാന കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.
ബുധനാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടിയ പ്രതിഷേധക്കാര്‍ മോദിക്ക് സമാധാന സമ്മാനം നല്‍കാനുള്ള കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കൊറിയയിലെ അഭയാര്‍ത്ഥികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റെഫ്യുജി റൈറ്റ്‌സ് ഇന്‍ കൊറിയ, കൊറിയന്‍ ഹൗസ് ഫോര്‍ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി എന്നിങ്ങനെ 26 സംഘടനകളാണ് പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്തുവന്നത്.
എന്നാല്‍ മോദി എല്ലാംകൊണ്ടും സമ്മാനം നേടാന്‍ യോഗ്യനാണ് എന്ന നിലപാടാണ് സമ്മാനത്തിന്റെ ചുമതലയുള്ള കമ്മിറ്റിയുടേത്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാന്‍ മോദി ഏറെ പണിപ്പെട്ടിട്ടുണ്ടെന്നും, മോദിയുടെ സാമ്പത്തിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രശംസനീയമാണെന്നും ഇവര്‍ പറയുന്നു.
കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജായ് ഇന്‍ കഴിഞ്ഞ ജൂലായില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരു രാജ്യങ്ങളും സാമ്പത്തിക സഹകരണത്തിനുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ചിരുന്നു. രണ്ടായിരത്തിമുപ്പതോടെ ഇപ്പോഴുള്ള 20 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്പത്തിക വിനിമയം 50 ബില്ല്യണ്‍ ഡോളറാക്കുമെന്നു ഇന്ത്യയും വടക്കന്‍ കൊറിയയും പ്രഖ്യാപിച്ചിരുന്നു. ഈ ബന്ധം നിലനിര്‍ത്താനാണ് മോദിക്ക് പുരസ്‌ക്കാരം നല്‍കാന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചതെന്നു അഭ്യൂഹമുണ്ട്.
എന്നാല്‍ ഗുജറാത്തിലും മറ്റിടങ്ങളിലും നടന്ന കലാപങ്ങള്‍ക്ക് മോദിയുടെ മൗനാനുവാദമുണ്ട് എന്ന ആരോപണമാണ് പ്രതിഷേധക്കാരെ സമ്മാനം നല്‍കാന്‍ പാടില്ല എന്ന നിഗമനത്തില്‍ എത്തിച്ചത്. 2002ല്‍ 1000 മുസ്ലീങ്ങളെ കൊന്നൊടുക്കാന്‍ മോദി നിര്‍ദ്ദേശിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍, 59 പേര്‍ മരിക്കാനിടയായ ഗോധ്ര സംഭവവും തുടര്‍ന്നുണ്ടായ മുസ്ലിം വിരുദ്ധ കലാപവും സംഘടനകള്‍ കമ്മിറ്റിയെ ഓര്‍മിപ്പിച്ചു. ഇതാണോ സമാധാനപുരസ്‌കാരത്തിനുള്ള അര്‍ഹത മോദിക്ക് നേടികൊടുത്തതെന്നും ഇവര്‍ കമ്മിറ്റിയോട് ചോദിക്കുന്നു.
WATCH THIS VIDEO: