| Thursday, 14th May 2015, 12:05 pm

മുരളി കണ്ണമ്പിള്ളിയെ അറസ്റ്റ് ചെയ്തത് പൗരാവകാശങ്ങള്‍ ലംഘിച്ച്: പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുരളി കണ്ണമ്പിള്ളിയെ അറസ്റ്റു ചെയ്തത് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ ലംഘിച്ചാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മുരളിയെയും സഹായിയെയും അറസ്റ്റു ചെയ്തത്. അദ്ദേഹത്തിനെ ചികിത്സ തുടരാന്‍ അനുവദിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇരുവരെയും അറസ്റ്റു ചെയ്തശേഷം കോടതിയില്‍ ഹാജരാക്കിയെങ്കിലും അവര്‍ക്ക് അഭിഭാഷകനെ നിര്‍ത്താനുള്ള അവസരം നല്‍കിയിട്ടില്ല. ഇത് അവകാശ ലംഘനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെതിരെ തയ്യാറാക്കിയ പ്രതിഷേധക്കുറിപ്പിന്റെ പൂര്‍ണരൂപം.

മുരളീധരനെ ആശുപത്രിയില്‍ നിന്നും അറസ്റ്റു ചെയ്തിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു

രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിലും ദളിത് പഠനങ്ങളിലും പണ്ഡിതനും കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളെ കൃത്യമായി അവലോകനം ചെയ്യുന്ന “ഭൂമി, ജാതി, അടിമത്തം” എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ കെ. മുരളീധരന്‍ എന്ന പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റിനെ അറസ്റ്റു ചെയ്തതായി ഞങ്ങള്‍ അറിയുന്നു. മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുനെയ്ക്കു സമീപത്തുള്ള തലേഗൗണ്‍ ഡബാഡെയിലെ മോറ്യ ആശുപത്രിയില്‍ വെച്ച് 2015 മെയ് 9നാണ് അറസ്റ്റു ചെയ്തത്.

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അജിത് എന്നറിയപ്പെടുന്ന മുരളീധരനെയും ആശുപത്രിയില്‍ സഹായിയായി നിന്ന സി.പി. ഇസ്മയിലിനെയും എ.ടി.എസ് അറസ്റ്റു ചെയ്തത് എന്ന കാര്യം ഞങ്ങളെ അലോസരപ്പെടുത്തുന്നു.

എ.ടി.എസ് തലവന്‍ വിവേക് പന്‍സാല്‍ക്കറിന്റെ നേതൃത്വത്തില്‍ രണ്ടുപേരെ ആശുപത്രിയില്‍ നിന്നും അറസ്റ്റു ചെയ്‌തെന്ന് താന്‍ പറഞ്ഞതായി പൂനെയില്‍ എ.ടി.എസിന്റെ ചാര്‍ജുള്ള സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഭാനുപ്രതാപ് ബാര്‍ഗെ വ്യക്തമാക്കിയിട്ടുണ്ട്. അജിത്തിനെയും ഇസ്മയിലിനെയും 2015 മെയ് 10 അഡീഷണല്‍ സെഷന്‍ ജഡ്ജ് എസ്.വി മാനെയുടെ മുമ്പാകെ ഹാജരാക്കി. അടച്ചിട്ട കോടതിയില്‍ നടന്ന നടപടികള്‍ക്കുശേഷം ഇരുവരെയും ഏഴുദിവസത്തേക്ക് എ.ടി.എസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ജഡ്ജി ഉത്തരവിട്ടിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ സമയത്ത് അജിത്തിനും ഇസ്മയിലിനും അവര്‍ക്ക് ലീഗല്‍ കൗണ്‍സിലിനെ അനുവദിച്ചിട്ടില്ലെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

“നിരോധിത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (മാവോയിസ്റ്റ്) ഉള്ളവര്‍” എന്ന കാരണം മാത്രമാണ് അജിത്തിന്റെയും ഇസ്മയിലിന്റെയും അറസ്റ്റിനു ന്യായീകരണമായി എ.ടി.എസ് നിരത്തുന്നത്. എ.ടി.എസിന്റെ ഈ നടപടിയും ഒട്ടും ന്യായീകരിക്കാനാവാത്തതാണ്. കാരണം രോഗിയായ ഒരു വ്യക്തിയ്ക്ക് ചികിത്സ നിഷേധിക്കുന്നതും മനുഷ്യത്വ രഹിതവും സ്വാഭാവിക നീതിക്കു നിരക്കാത്തതും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനവുമാണ്. അറസ്റ്റു ചെയ്യപ്പെടുന്ന സമയത്ത് അജിത്ത് ചികിത്സയിലായിരുന്നുവെന്നത് അംഗീകരിച്ച് അദ്ദേഹത്തിനെ ചികിത്സ തുടരാന്‍ അനുവദിക്കണമെന്നതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അത് പോലീസ് കാവലിലാണെങ്കില്‍ കൂടി.

പൈശാചികമായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരായവര്‍ക്കു പോലും ആരോഗ്യ പ്രശ്‌നമുണ്ടാവുമ്പോള്‍ വൈദ്യസഹായം ലഭ്യമാക്കാറുണ്ട്. ഹൃദ്രോഗിയും ബൈപ്പാസ് സര്‍ജറിക്കു വിധേയനും ആയ അജിത്ത് എന്ന 62 കാരന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ട്. എ.ടി.എസ് അജിത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവിടണമെന്നും അദ്ദേഹത്തിനു ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അജിത്തിനും സുഹൃത്തിനും ഭരണഘടന അനുവദിക്കുന്ന തരത്തില്‍ അവര്‍ക്കിഷ്ടപ്പെട്ട അഭിഭാഷകന്റെ സഹായം തേടാന്‍ അവസരം നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

മനുഷ്യാവകാശത്തിനും ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാ വ്യക്തികളും ഒരു വ്യക്തിയെ ആശുപത്രിയില്‍ വെച്ച് അറസ്റ്റു ചെയ്തതിനെതിരെയും അജിത്തിനും ഇസ്മയിലിനും അവര്‍ക്കിഷ്ടമുള്ള അഭിഭാഷകന്റെ സഹായം ലഭ്യമാക്കണമെന്ന ആവശ്യമുന്നയിക്കുന്നതിലും പങ്കുചേരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

പ്രൊഫ. പി. ഹരഗോപാല്‍ ( നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ)
പ്രൊഫ. പ്രഭാത് പട്‌നായിക് ( സെന്റര്‍ ഫോര്‍ എക്കണോമിക് സ്റ്റഡീസ് ആന്ഡ് പ്ലാനിംഗ്, ജെ.എന്‍.യു)
പ്രൊഫ.അമിത് ബാദുരി ( സെന്റര്‍ ഫോര്‍ എക്കണോമിക് സ്റ്റഡീസ് ആന്ഡ് പ്ലാനിംഗ്, ജെ.എന്‍.യു)
പ്രൊഫ. നിവേദിത മേനോന്‍ (സ്‌കൂള്‍ ഓഫ് ഇന്റെര്‍നാഷണല്‍ സ്റ്റഡീസ്, ജെ.എന്‍.യു)
പ്രൊഫ. എ കെ രാമകൃഷ്ണന്‍ ( സ്‌കൂള്‍ ഓഫ് ഇന്റെര്‍നാഷണല്‍ സ്റ്റഡീസ്, ജെ.എന്‍.യു)
പ്രൊഫ. അമിത് ഭട്ടാചാര്യ (ജാദവ് പൂര്‍ യൂണിവേഴ്‌സിറ്റി)
സുജാതോ ഭദ്ര (അസോസിയേഷന്‍ ഫോര്‍ ദി പ്രോട്ടെക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ്)
കെ സച്ചിദാനന്ദന്‍ (കവി)
ടി.ടി ശ്രീകുമാര്‍ (പ്രൊഫെസര്‍, എം.ഐ.സി.എ അഹമ്മദാബാദ്)
മീന കന്ദസ്വാമി (എഴുത്തുകാരി)
നജ്മല്‍ ബാബു (ടി.എന്‍ ജോയ്) സാമൂഹ്യ പ്രവര്‍ത്തകന്‍
കെ.ടി റാംമോഹന്‍ (ഡീന്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, എം ജി യൂണിവേഴ്‌സിറ്റി)
സിവിക് ചന്ദ്രന്‍ (കവി, സാമൂഹ്യ പ്രവര്‍ത്തകന്‍)
ബി രാജീവന്‍ (എഴുത്തുകാരന്‍)
നിസാര്‍ അഹമ്മദ് (എഴുത്തുകാരന്‍)
കെ.എ മോഹന്‍ദാസ് (സാമൂഹ്യ പ്രവര്‍ത്തകന്‍)
ടി.ജി ജേക്കബ് (എഴുത്തുകാരന്‍)
വി വിജയകുമാര്‍ (എഴുത്തുകാരന്‍)
ബെര്‍ണാഡ് ഡി” മെല്ലോ (ഡെപ്യൂട്ടി എഡിറ്റര്‍, എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി)
കെ വേണുഗോപാല്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)
ആനന്ദ് ടെല്‍ടുംബ്‌ടെ ( ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്ക്‌നോളജി, ഖാറഗ്പൂര്)
അന്‍വര്‍ അലി (കവി)
എസ്.എ ആര്‍ ഗീലാനി (പ്രൊഫസര്‍, ദല്‍ഹി സര്‍വകലാശാല)
റോണാ വില്‍സണ്‍ ( സാമൂഹ്യ പ്രവര്‍ത്തകന്‍)
തുഷാര്‍ നിര്‍മല്‍ സാരഥി (മനുഷ്യാവകാശ പ്രവര്‍ത്തകന്‍)
ജോളി ചിറയത്ത് (സാംസ്‌കാരിക പ്രവര്‍ത്തക)
അഡ്വ. മുരുഗന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍)നിരവധിയാളുകള്‍ക്കൊപ്പം.

We use cookies to give you the best possible experience. Learn more