| Thursday, 22nd July 2021, 12:34 pm

'ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി ചിത്രീകരിച്ചു'; മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. 2009ലെ വെടിവെപ്പ് ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്‌കാരിക കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു.

പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. സിനിമക്കെതിരായും വെടിവെപ്പില്‍ നീതി ലഭിക്കാനുമായി തുടര്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും സാംസ്‌കാരിക സമിതി ആലോചിക്കുന്നുണ്ട്.

അതേസമയം, മാലിക്ക് സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. സിനിമയ്ക്കെതിരായ അഭിപ്രായങ്ങളെ ഭയന്ന് ഒളിച്ചോടാനില്ലെന്നും സിനിമ പിന്‍വലിക്കാന്‍ വരെ ആലോചിച്ചെന്ന മട്ടില്‍ വന്ന വാര്‍ത്തകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ താന്‍ അത്രയധികം മാനസിക പീഡനത്തിലൂടെ കടന്നു പോയെന്നും ചിത്രം തന്നെ പിന്‍വലിക്കണമെന്നാണ് മനസ്സില്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലികിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമര്‍ശിക്കുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

മാലികിലെ കേന്ദ്ര കഥാപാത്രമായ അഹമ്മദി സുലൈമാന്‍ എന്ന അലി ഇക്കയായാണ് ഫഹദ് ഫാസിലെത്തുന്നത്. നിമിഷ, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ, ദിലീഷ് പോത്തന്‍, സനല്‍ അമന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ഫോട്ടോ കടപ്പാട് : മീഡിയ വണ്‍

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Protest against Malik movie in Bimapalli

We use cookies to give you the best possible experience. Learn more