ഐസോള്‍: ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധം. രാഷ്ട്രീയക്കാരനും റാഡിക്കല്‍ ഹിന്ദുവുമായ ഒരാളെ തങ്ങള്‍ക്കു ഗവര്‍ണറായി വേണ്ടയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) വും ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യനുമാണ് കുമ്മനത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
Also Read: പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ മകനെ നഷ്ടപ്പെടില്ലായിരുന്നു: കെവിന്റെ അച്ഛന്‍
“ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകന്‍ ഹിന്ദു ഐക്യവേദി, വി.എച്ച്.പി സംഘടനകളുമായി അടുത്ത ബന്ധമുള്ള ആള്‍ എന്നീ നിലകളില്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിക്ക് അനുയോജ്യനല്ല” എന്നാണ് പ്രിസം ചൂണ്ടിക്കാട്ടുന്നത്. കുമ്മനം രാജശേഖരന് പകരം ഭേദപ്പെട്ട മനസുള്ള ഒരാളെ ഗവര്‍ണറായി നിയമിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ഇവര്‍ ആവശ്യപ്പെടുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
ഒരു രാഷ്ട്രീയക്കാരനാണ് കുമ്മനം എന്നതിനാല്‍ അദ്ദേഹത്തെ ഗവര്‍ണറായി നിയമിക്കുന്നത് മിസോറാമിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നും പ്രിസം ചൂണ്ടിക്കാട്ടി.
ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കം മിസോറാം ജനതയെ ആശങ്കാകുലരാക്കുന്നുണ്ടെന്ന് മിസോറാമിലെ ക്രിസ്ത്യാനികള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. 87 ശതമാനവും ക്രിസ്ത്യാനികളുളള സംസ്ഥാനത്ത് രാജശേഖരനെപ്പോലെ തീവ്ര ഹിന്ദുത്വവാദിയെ നിയമിക്കരുത് എന്നാണ് ക്രിസ്ത്യന്‍ ഇന്‍ മിസോറാം പ്രസ്താവനയില്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞദിവസമാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.