| Tuesday, 15th September 2020, 11:35 am

കെ.ടി ജലീലിനെതിരായ സമരം തുടരും; ചില ഒത്തുതീര്‍പ്പുകള്‍ നടന്നിട്ടുണ്ട്; എന്‍ഫോഴ്‌സ്‌മെന്റ് ക്ലീന്‍ ചിറ്റിനെതിരെ പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന എന്‍ഫോഴ്‌സമെന്റ് ഡയര്കട്രേറ്റിന്റെ നിലപാടിനെതിരെ മുസ്‌ലീം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്ന പ്രസ്താവനയാണ് ഇ.ഡിയില്‍ നിന്നും വന്നിരിക്കുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു.

സ്വത്ത് വിവരവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തതെന്നാണ് ഇ.ഡി പറഞ്ഞത്. എന്നാല്‍ ജലീല്‍ പറഞ്ഞത് ഖുറാന്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചുവെന്നാണ്. ഇതെല്ലാം സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ്.

ബി.ജെ.പി കൂടി ഇതില്‍ പ്രതിപ്പട്ടികയില്‍ വന്നതുകൊണ്ട് കൃത്യമായ ഒത്തുതീര്‍പ്പ് നടന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്.

നേരത്തെ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നു പിന്നീട് വിവരമൊന്നുമില്ല. പിന്നീട് ബിനീഷിനെ ചോദ്യം ചെയ്യുന്നു. തുടര്‍ന്ന് വിവരമൊന്നും പുറത്തുവരുന്നില്ല. ജലീലിനെ ചോദ്യം ചെയ്യുന്നത് പരമ രഹസ്യമാക്കുന്നു. ഇതിലെല്ലാം ചില കളികളുണ്ട്. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത ശേഷമാണ് ഇതെല്ലാം നടന്നത്.

ഇത് കൃത്യമായി പുറത്തുകൊണ്ടുവരുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും റമീസും നിരന്തരമായി നെഞ്ചുവേദന വന്ന് ആശുപത്രിയില്‍ കഴിയുന്നു. ഇതൊക്കെ കേസ് അട്ടിമറിക്കാനാണ്.

ജലീലിനെതിരെ ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ സമരമുണ്ട്. നാളെ യൂത്ത് ലീഗും സമരം നടത്തും. ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ഉണ്ട്. ആ വിഷയം ജനകീയ കോടതിയില്‍ ചര്‍ച്ചയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹം മാറിനില്‍ക്കണം. സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

ഇ.ഡി ജലീലിനെ ചോദ്യം ചെയ്തതുകൊണ്ടുമാത്രമല്ല സമരം തുടങ്ങിയത്. അത് മാത്രമല്ല സമരത്തിന്റെ അടിസ്ഥാനം. ഇഡി ചോദ്യം ചെയ്തില്ലെങ്കിലും സമരമുണ്ടാകും. അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്, പി.കെ ഫിറോസ് പറഞ്ഞു.

മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് വ്യക്തമാക്കിയിരുന്നു. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്.

ഇ.ഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീല്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും ഇ.ഡി അറിയിച്ചു.

ഖുറാന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്തതോടെ സംശയം ദൂരീകരിക്കപ്പെട്ടു. ഖുറാനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കെ.ടി ജലീലിനെതിരെ ചില പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത് എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ഇ.ഡിയും നടത്തിയത്.

content highlight: protest against KT Jaleel will continue; Some compromises have been made; PK Firoz against Enforcement Clean Chit

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more