| Wednesday, 14th September 2022, 11:03 am

'സാമ്രാജ്യത്വം നശിക്കട്ടെ, രാജവാഴ്ച ഇല്ലാതാവട്ടെ'; ചാള്‍സ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ സ്‌കോട്‌ലാന്‍ഡില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ നടന്ന ചാള്‍സ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ പ്രതിഷേധം.

സെപ്റ്റംബര്‍ 11ന് സ്‌കോട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗിലാണ് ചാള്‍സിന്റെ അധികാരമേറ്റെടുക്കലിനെതിരെ പ്രതിഷേധമുയര്‍ന്നത്.

ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചതിനോട് എഡിന്‍ബര്‍ഗില്‍ പ്രദേശവാസികള്‍ ഉച്ചത്തിലുള്ള ആക്രോശത്തോടെയാണ് പ്രതികരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചാള്‍സ് മൂന്നാമന്‍ രാജാവ് അധികാരമേറ്റെടുക്കുന്നതിനെ കുറിച്ച് സെന്‍ട്രല്‍ എഡിന്‍ബര്‍ഗിലെ മെര്‍കാറ്റ് ക്രോസില്‍ നിന്നും ലോര്‍ഡ് ലിയോണ്‍ കിങ് ഓഫ് ആംസ് (Lord Lyon King of Arms) പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജനങ്ങളുടെ ഉച്ചത്തിലുള്ള ബഹളം കേള്‍ക്കാനാകുമെന്നാണ് ദ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

‘ദൈവം രാജാവിനെ രക്ഷിക്കട്ടെ’ എന്ന് ലോര്‍ഡ് ലിയോണ്‍ പറഞ്ഞതിന് പിന്നാലെ ജനക്കൂട്ടത്തില്‍ നിന്നും ഉച്ചത്തിലുള്ള ആക്രോശവും പരിഹാസവും ഉയരുകയായിരുന്നു. ബ്രിട്ടന്റെ ദേശീയ ഗാനം ആലപിച്ചപ്പോഴും ജനക്കൂട്ടത്തില്‍ നിന്നും പ്രതിഷേധമുയര്‍ന്നു.

ഞായറാഴ്ച, എഡിന്‍ബര്‍ഗില്‍ ചാള്‍സ് രാജാവിന്റെ സ്ഥാനാരോഹണ പ്രഖ്യാപന ചടങ്ങിനായി സ്‌കോട്ടിഷുകാര്‍ എത്തിയ സമയത്ത് രാജവാഴ്ചക്കെതിരായി നിലകൊള്ളുന്ന ജനാധിപത്യ വിശ്വാസികള്‍ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുകയും ചിലര്‍ രാജവാഴ്ചാ വിരുദ്ധ ചിഹ്നങ്ങള്‍ കൈവശം വെക്കുകയും ചെയ്തു.

‘സാമ്രാജ്യത്വം തുലയട്ടെ, രാജവാഴ്ച ഇല്ലാതാക്കുക’ (F** Imperialism, Abolish the monarchy) എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചതിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബ്രിട്ടനില്‍ നിന്നും സ്‌കോട്‌ലാന്‍ഡിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ‘റിപ്പബ്ലിക് നൗ’ (Republic Now), ‘അവര്‍ റിപ്പബ്ലിക് ഫോര്‍ എ ഡെമോക്രാറ്റിക് ഫ്യൂചര്‍’ (Our Republic for a Democratic Future) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

രാജകുടുംബത്തിലെ ജനപ്രിയത കുറഞ്ഞയാള്‍ എന്ന നിലയിലും ചാള്‍സിന്റെ രാജാവായുള്ള അധികാരമേറ്റെടുക്കലില്‍ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്.

സമത്വമുള്ള സമൂഹത്തിനായി രാജവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ രാജ്യത്തെ രാജവാഴ്ചയുടെ എല്ലാ അധികാര സംവിധാനങ്ങളും അവസാനിപ്പിക്കണമെന്നായിരുന്നു പാര്‍ട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

ജനാധിപത്യമെന്നാല്‍ ജനങ്ങളുടെയും അവര്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടെയും സര്‍ക്കാരിന്റെയും പരമാധികാരമാണെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനായിരുന്നു 96കാരിയായ എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്‌കോട്‌ലാന്‍ഡിലെ ബാല്‍മോറല്‍ കാസിലിലായിരുന്നു അന്ത്യം. ബ്രിട്ടനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജ്ഞി കൂടിയായിരുന്നു എലിസബത്ത്.

എലിസബത്തിന്റെ മരണത്തിന് പിന്നാലെയാണ് സെപ്റ്റംബര്‍ 11ന് എലിസബത്തിന്റെ മൂത്ത മകനായ 73കാരന്‍ ചാള്‍സ് പുതിയ രാജാവായി അധികാരമേറ്റത്.

Content Highlight: Protest against King Charles’ proclamation in Scotland, demands abolition of monarchy

We use cookies to give you the best possible experience. Learn more