|

ദളിതര്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രം എതിര്‍പ്പുമായി വരുന്നവര്‍ തുറന്നുകാട്ടുന്നത് 'കേരളത്തിലെ ജാതി'

ജിന്‍സി ടി എം

എസ്.സി- എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ദളിത് സംഘടനകള്‍ ഏപ്രില്‍ ഒമ്പതിനു നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലില്‍ പങ്കുചേരില്ലെന്ന വിവിധ സംഘടനകളുടെ നിലപാട് തുറന്നുകാട്ടുന്നത് കേരളത്തിലെ ജാതിയാണെന്ന് ദളിത് ആക്ടിവിസ്റ്റുകള്‍. ഇതിലും ചെറുകക്ഷികള്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയപ്പോഴെല്ലാം അതിനൊപ്പം നിന്നവരാണ് ദളിതര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്തു രംഗത്തുവന്നിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

“ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതാണ് കേരളത്തിലെ ജാതി.” എന്നാണ് ദളിത് ആക്ടിവിസ്റ്റായ സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോടു പ്രതികരിച്ചത്. “കേരളത്തിലെ ഒരു ചെറിയ രാഷ്ട്രീയപാര്‍ട്ടിപോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അപ്പോള്‍ തന്നെ അതിനെ പിന്തുണയ്ക്കുകയും അതൊരു അവധിയായി ആഘോഷിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. ഈ ഹര്‍ത്താല്‍ ഏതുവിധേനയും പരാജയപ്പെടുത്തും എന്ന ഒരു മൂഡിലാണ് ഈ പ്രസ്താവനകള്‍ പുറത്തുവരുന്നത്. ”

ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പിറ്റേദിവസം മുതല്‍ തന്നെ ഹര്‍ത്താലിനെ അനുകൂലിക്കുകയില്ലെന്ന തരത്തില്‍ വിവിധ സംഘടനകള്‍ പ്രസ്താവനയുമായി രംഗത്തുവരികയും ചെയ്തിരുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഹര്‍ത്താലിനെതിരെ ആദ്യം രംഗത്തുവന്നത്. “കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും അന്ന് സര്‍വ്വീസ് നടത്തും. ദിവസേനയുള്ള ഡീസല്‍ വിലവര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വ്വീസ് നിര്‍ത്തിവെക്കാനാവില്ല.തുടര്‍ച്ചയായ ഹര്‍ത്താലുകള്‍മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണ്. ” എന്നായിരുന്നു ബസ് ഓപ്പറൈറ്റേഴ്‌സ് ഫെഡറേഷന്റെ ന്യായവാദം.

ഇതിനു പിന്നാലെ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍, സിനിമാ തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളും ഹര്‍ത്താലിനെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കി മുന്നോട്ടുവന്നു. ദളിത് സംഘടനകളുടെ നിയമപരമായ ആവശ്യങ്ങള്‍ക്കു തങ്ങള്‍ എതിരല്ലെന്നും ഈ സംഘടനകളില്‍ പലരും പറഞ്ഞിരുന്നു.


Also Read: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തിയ ദളിത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു


സണ്ണി എം. കപിക്കാട്

“ജി.എസ്.ടി, വ്യാപാരമാന്ദ്യം എന്നിവ കാരണം പ്രതിസന്ധിയിലായിരിക്കുന്ന ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് അടിക്കടിയുള്ള ഹര്‍ത്താലുകള്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവ ഒഴിവാക്കുന്നതുപോലെ ഹോട്ടല്‍ റസ്‌റ്റോറന്റ് മേഖലയേയും ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണം” എന്നാണ് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പറഞ്ഞത്.

“വ്യാപാരമേഖലയുമായി ബന്ധമില്ലാത്ത സംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കും. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം” എന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞത്.

ദളിത് ഹര്‍ത്താലിനെതിരെയുള്ള പ്രസ്താവനകള്‍ക്കു പുറമേ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഏറണാകുളം നഗരത്തില്‍ പ്രകടനം നടത്തിയ ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടപടിയും ഉണ്ടായിരുന്നു. ഹര്‍ത്താലിന്റെ പ്രചരണാര്‍ത്ഥം പ്രകടനം നടത്തിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ ഏറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ദളിതര്‍ വിജയകരമായി ഹര്‍ത്താല്‍ നടത്തുന്നതിനെ പ്രതിരോധിക്കുകയെന്ന ജാതിമേധാവിത്വത്തിന്റെ വാക്കുകളാണ് ഈ സംഘടകളില്‍ നിന്നും വന്നിട്ടുള്ളതെന്നാണ് സണ്ണി എം. കപിക്കാട് പറയുന്നത്.

ടി. നസിറുദ്ദീന്‍

“ദളിതരുടെ ഹര്‍ത്താല്‍ കേരളത്തില്‍ വിജയിക്കില്ല, വിജയിക്കാന്‍ പാടില്ല എന്നു തീരുമാനിക്കുന്ന ജാതിമേധാവിബോധമാണ് ഇപ്പോള്‍ വര്‍ക്കു ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം സംഘടനകള്‍ മാത്രമല്ല, ഹര്‍ത്താല്‍ വിജയിക്കില്ല എന്ന തരത്തിലുള്ള വ്യാപകമായ പ്രചരണവും നടക്കുന്നുണ്ട്. ജാതീയതയുടെ എല്ലാതരത്തിലുള്ള സ്വഭാവവും ഇതിനുണ്ട്. കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും മുന്‍കൈയ്യില്‍ വിജയകരമായൊരു ഹര്‍ത്താല്‍ നടക്കുന്നതിനെ പ്രതിരോധിക്കുന്ന ജാതിമേധാവിത്വത്തിന്റെ വാക്കുകളാണ് ഈ പറയുന്ന പബ്ലിക് സംഘടനകളില്‍ നിന്നും പുറത്തുചാടിയിട്ടുള്ളത്. അതുകൊണ്ട് ദളിതരെ സംബന്ധിച്ച് ഇതൊരു ആത്മാഭിമാന പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. “ അദ്ദേഹം പറയുന്നു.


Also Read: ‘എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധി ജനാധിപത്യത്തിന് ഭീഷണി’; ദളിത് സംഘടനകള്‍ ആഹ്വാനം ചെയത് ഹര്‍ത്താലിന് പിന്തുണയുമായി ബഹുജന സംഘടനകള്‍


തുടര്‍ച്ചയായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ഗ്രൂപ്പുകളോ സംഘടനകളോ അല്ല തങ്ങളുടേതെന്നും 13 വര്‍ഷത്തിനുശേഷമാണ് കേരളത്തിലെ ദളിത് സമൂഹം ഇത്തരമൊരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ദളിത് ആക്ടിവിസ്റ്റുകള്‍ പറയുന്നു. 2003ലെ മുത്തങ്ങ വെടിവെപ്പിനുശേഷം ഇപ്പോഴാണ് ദളിത് സംഘടനകള്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെന്നും ഇവര്‍ പറയുന്നു.

“ഇന്ത്യയില്‍ ഇത്രയും മാരകമായ ഒരു രാഷ്ട്രീയ അന്തരീക്ഷം രൂപംകൊള്ളുന്നു. പട്ടികജാതിക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഒരു നിയമത്തില്‍ സുപ്രീം കോടതി തന്നെ വെള്ളം ചേര്‍ക്കുന്നു. അതിനെതിരെ വലിയൊരു പ്രക്ഷോഭം അഖിലേന്ത്യാടിസ്ഥാനത്തില്‍ നടക്കുന്നു. പതിനൊന്ന് ദളിതര്‍ കൊല്ലപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മുന്‍നിര്‍ത്തിയാണ് കേരളത്തിലെ ദളിതര്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ” സണ്ണി എം. കപിക്കാട് വിശദീകരിക്കുന്നു.

അതേസമയം, ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ ബഹുജന സംഘടനകളും മനുഷ്യാവകാശ സംഘടനകളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ദളിത് സംഘടനകള്‍ക്കിടയില്‍ തന്നെ മുമ്പെങ്ങുമില്ലാത്തവിധം വളരെ ശക്തമായൊരു ഐക്യമാണ് ഈ വിഷയത്തില്‍ രൂപപ്പെട്ടിട്ടുള്ളത്.

ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.