ലുധിയാന: 1984 ലെ കുപ്രസിദ്ധമായ സിഖ് വിരുദ്ധ കലാപത്തിനിരയായ കുടുംബങ്ങള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കമല്‍നാഥിനെ മുഖ്യമന്ത്രി പദത്തില്‍ നിന്നും എത്രയും പെട്ടെന്ന് ഒഴിവാക്കാനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോട് ഇതില്‍ ഇടപെടാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കമല്‍നാഥിന് സിഖ് വിരുദ്ധ കലാപത്തില്‍ സുപ്രധാനപങ്കുണ്ടെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഈ തീരുമാനത്തിന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 1984 സിഖ് കാട്‌ലെ ആം പീററ്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്തത്തിലാണ് പ്രക്ഷോഭം
“രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങ് ഇടപെടണം. ഇല്ലെങ്കില്‍ വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും”- സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് അമര്‍ജിത്ത് സിങ്ങ് രാജ്പാല്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
Also Read മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രി
ദുര്‍ഗി പാലത്തിനടുത്ത് തടിച്ചു കൂടിയ പ്രക്ഷോഭക്കാര്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി, കമല്‍നാഥ് എന്നിവര്‍ക്കെതിരെ മുദ്രവാക്യം മുഴക്കി.
“മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വളരെ പ്രധാനമായ ഒരു പങ്ക് സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിനുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ നീതിക്കായി കാത്തിരിക്കുകയാണ്. അതിനിടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് ഞങ്ങളുടെ മുറിവില്‍ ഉപ്പുതേക്കുന്നത്”- സൊസൈറ്റിയുടെ പ്രസിഡന്റ് സുര്‍ജിത് സിങ്ങ് പറഞ്ഞു.
1984ല്‍ സിഖ് വിരുദ്ധ കലാപത്തിനിടെ ഗുരുദ്വാരയില്‍ വെച്ച് രണ്ടു സിഖുകാരെ ജീവനോടെ കത്തിക്കുമ്പോള്‍ അവിടെ കമല്‍നാഥ് ഉണ്ടായിരുന്നു. എന്നാല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് താന്‍ അവിടെ എത്തിയത് എന്നായിരുന്നു കമല്‍നാഥിന്റെ ന്യായീകരണം.
സിഖ് വിരുദ്ധ കലാപത്തിലെ പങ്കാളിത്തത്തിന് സമ്മാനമായാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്കസേര കമല്‍നാഥിന് നല്‍കിയതെന്ന് ശിരോമണി അകാലി ദള്‍ നേതാവ് മഞ്ചിന്ദര്‍ സിങ്ങ് സിര്‍സ വ്യാഴാഴ്ച പറഞ്ഞിരുന്നു.
Image Credits: Express Photo/Gurmeet Singh