ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ പ്രതിഷേധം. പൊലീസിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. അത്മമഹത്യാ ഭീഷണി മുഴക്കിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
മുരുക്കുംപുഴയില്‍ താമസമാക്കിയ ബിബിന ലോറന്‍സിന്റെ വീട്ടിലെത്തിയപ്പോഴാണ് പ്രതിഷേധം കടുത്തത്. സ്ത്രീകള്‍ ഉദ്യോഗസ്ഥരെ ഗേറ്റിന് മുന്നില്‍ തടഞ്ഞു. മുമ്പ് റെയില്‍വേ വികസനത്തിന് സ്ഥലം വിട്ടുനല്‍കിയവരാണിവര്‍. രണ്ടാം വട്ടവും തന്റെ സ്ഥലം നഷ്ടമാകുന്നതിന്റെ വേദനയിലാണിവര്‍.
ബിബിനയുടെ പത്തര സെന്റ് സ്ഥലം റയില്‍വേ വികസനത്തിന് പോയപ്പോള്‍ പോരാടി നേടിയത് ഒരുലക്ഷം രൂപ മാത്രം. ബാക്കി സ്ഥലത്താണ് നിലവില്‍ വീടുള്ളത്.
വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുന്‍വശവുമാണ് അന്ന് നഷ്ടമായത്. കെ-റെയില്‍ പദ്ധതിയില്‍ 23 ഓളം വീടുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ നഷ്ടം സംഭവിക്കാനിടയുണ്ടെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
‘ഞങ്ങളുടെ വീടുകളൊക്കെ പോകും, ഞങ്ങള്‍ക്കതില്‍ വിഷമമുണ്ട്. കൊച്ചുകുടില്‍ ആയപ്പോള്‍ ഞങ്ങളിവിടെ താമസം തുടങ്ങിയതാണ്. 29 വര്‍ഷമായി താവിടെ താമസം.
ഈ വീട് കളയാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. കെ റെയില്‍ ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളാരും അതില്‍ കയറാനും പോകുന്നില്ല,’ പ്രതിഷേധക്കാരില്‍പ്പെട്ട ഒരു യുവതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.
ഉച്ചവരെ ഉദ്യോഗസ്ഥര്‍ കല്ലിടലുമായി മുന്നോട്ട് പോയങ്കിലും ഉച്ചയ്ക്ക് ശേഷം നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെട്ടു.
CONTENT HIGHLIGHTS: Protest against K Rail in Chengannur. Police were stopped by locals on the way