വാഷിങ്ടണ്‍: ഇസ്രഈലിനെതിരെ പ്രതിഷേധിച്ച ഫലസ്തീന്‍ അനുകൂലികളായ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് അധ്യാപകര്‍ അറസ്റ്റിലായത്.
ഇസ്രഈലിനെ പിന്തുണക്കുന്ന കമ്പനിയുമായുള്ള ബന്ധം യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍.വൈ.യുവില്‍ പ്രതിഷേധം നടന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ അധ്യാപകനായ ആന്‍ഡ്രൂ റോസിനെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതായി കാണാം.
മൊത്തത്തില്‍ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ മൂന്ന് പേര്‍ അധ്യാപകരാണ്. രണ്ട് അധ്യാപകര്‍ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് പറയുന്നത് പ്രകാരം, അധ്യാപകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അധ്യാപകര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
അധ്യാപകരെ അറസ്റ്റ് ചെയ്ത നീക്കത്തെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് അപലപിക്കുകയും ചെയ്തു. യു.എസിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുക എന്നതാണ് സംസാര സ്വാതന്ത്ര്യത്തിനെതിരായ പുതിയ അടിച്ചമര്‍ത്തലിന്റെ ലക്ഷ്യമെന്നും സംഘടന പ്രതികരിച്ചു.
നീക്കം സമാധാനപരമായി വിദ്യാര്‍ത്ഥികള്‍ക്ക് ഒത്തുകൂടാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും എ.എ.യു.പി പറഞ്ഞു.
നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് അധ്യാപകര്‍ക്ക് നേരെ യൂണിവേഴ്‌സിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറികളിലും യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളിലും പ്രവേശിക്കരുതെന്നാണ് നിര്‍ദേശം.
ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആദ്യഘട്ടം മുതല്‍ക്കേ യു.എസ് സര്‍വകലാശാലകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഹാമില്‍ട്ടണ്‍ ഹാളിന്റെ പേര് ‘ഹിന്ദ് ഹാള്‍’ എന്ന് ഫലസ്തീന്‍ അനുകൂലികള്‍ പുനര്‍നാമകരണം ചെയ്തിരുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ഹിന്ദ് റജബിനോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു വിദ്യാര്‍ത്ഥികളുടെ നീക്കം.
അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ യു.എസ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു.
ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളും പൊലീസിന്റെ അതിക്രമത്തിന് ഇരയായിരുന്നു. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് തടഞ്ഞ പ്രൊഫസറെ പൊലീസ് മര്‍ദിക്കുന്നതിന്റെയും കൈവിലങ്ങ് ധരിപ്പിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഇസ്രഈലിന് സഹായം നല്‍കുന്ന കമ്പനികളില്‍ യു.എസിലെ വിവിധ സര്‍വകലാശാലകള്‍ക്ക് നിക്ഷേപമുണ്ട്. ഇതിനെതിരെയാണ് യു.എസില്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
Content Highlight: Protest against Israel; Two teachers of New York University were arrested