ഇസ്രഈല്‍ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തമാക്കി ലോകജനത
World News
ഇസ്രഈല്‍ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം ശക്തമാക്കി ലോകജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th November 2023, 9:06 am

ഗസ: ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ലോകത്തെ വിവിധ രാജ്യങ്ങള്‍. യു.എസ്, യു.കെ, ജര്‍മനി, ഇറ്റലി ഫ്രാന്‍സ്, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ആയിരക്കണക്കിനാളുകള്‍ ഇസ്രഈലിന്റെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ബാനറുമായി തെരുവിലിറങ്ങി.

ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനത്തില്‍ 6,000 പേര്‍ പങ്കെടുത്തു. റാലിയില്‍ പ്രദര്‍ശിപ്പിച്ച പ്ലക്കാര്‍ഡുകളില്‍ ‘ഗസയെ സംരക്ഷിക്കുക’, ‘വംശഹത്യ നിര്‍ത്തുക’, ‘അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഏജന്‍സി ഫ്രാന്‍സ് പ്രസ് (എ.എഫ്.പി) റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലെ ഡസല്‍ഡോര്‍ഫ് നഗരത്തില്‍ ഫലസ്തീന്‍ അനുകൂല പ്രകടനത്തില്‍ ഏകദേശം 17,000 പേര്‍ പങ്കെടുത്തു. ഇറ്റലിയിലെ മിലാനിലും റോമിലും ആയിരങ്ങള്‍ ഇസ്രഈല്‍ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധിച്ചു. ഇസ്രഈല്‍ സെമിറ്റിക് വിരുദ്ധത കാന്‍സറും പ്ലേഗും ആണെന്ന് ഉപപ്രധാനമന്ത്രി മറ്റിയോ സാല്‍വിനി പ്രതികരിച്ചു.

മെല്‍ബണില്‍ നടന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ അമ്പതിനായിരം ആളുകള്‍ പങ്കെടുത്തു. ഫ്രീ ഫലസ്തീന്‍ മെല്‍ബണാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യു.എസില്‍ നാഷണല്‍ മാളിനും വൈറ്റ് ഹൗസിനും സമീപത്തുള്ള ഫ്രീഡം പ്ലാസയില്‍ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.

ഫലസ്തീന്‍ മുദ്രാവാക്യങ്ങളും പതാകയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ ഫലസ്തീന്‍ ഐഡന്റിറ്റിയുടെ പ്രതീകമായ ഒരു പാറ്റേണ്‍ സ്‌കാര്‍ഫ് (കഫി) ധരിച്ചിരുന്നു.

ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, കുട്ടികള്‍ക്ക് മേലുള്ള ബോംബ് ആക്രമണം നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഫലസ്തീന്‍ പതാകകളും ബാനറുകളും വഹിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

മാഞ്ചസ്റ്റര്‍, ഓക്സ്ഫോര്‍ഡ്, ന്യൂകാസില്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ യു.കെയിലുടനീളമുള്ള മറ്റു നഗരങ്ങളിലും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ശനിയാഴ്ച നടന്നു.

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഫ്രാന്‍സ് തലസ്ഥാന നഗരിയായ പാരീസിലും പ്രകടനങ്ങള്‍ നടന്നു. ജര്‍മനി, സാന്‍ഡിയാഗോ, ചില്ലി, വെനസ്വേല എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.

തുര്‍ക്കിയിലെ അദാനയിലെ അമേരിക്കന്‍ സൈനികര്‍ താമസിക്കുന്ന കേന്ദ്രത്തിലേക്ക് ഐ.എച്ച്.എച്ച് ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുര്‍ക്കിയില്‍ എത്താനിരിക്കെയായിരുന്നു പ്രതിഷേധം. ഇസ്രഈലിന് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലും ശക്തമായ പ്രതിഷേധം നടന്നു. വിവിധയിടങ്ങളില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വ്യക്തിവിവരങ്ങള്‍ പൊലീസ് പരിശോധിച്ചതായും ചട്ടങ്ങള്‍ ലംഘിച്ചുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ അറബ് രാജ്യങ്ങളിലെ നയതന്ത്രജ്ഞരും മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥനുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തി.

ഗസ മുനമ്പില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന അറബ് നേതാക്കളുടെ ആവശ്യം ബ്ലിങ്കന്‍ നിരസിച്ചു. ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ഹമാസിന് ഗുണം ചെയ്യുമെന്നും സംഘടിച്ച് വീണ്ടും ആക്രമണം ആരംഭിക്കുമെന്നുമാണ് അമേരിക്കയുടെ നിലപാട്. അവശ്യ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും ഗസയില്‍ നിന്ന് പൗരന്‍മാരെ പുറത്താക്കുന്നതിനും യുദ്ധത്തില്‍ താത്കാലിക ഇടവേള വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായ് ബ്ലിങ്കന്‍ പറഞ്ഞു.

Content Highlights: Protest against Israel