കാഠ്മണ്ഡു: ഇന്ത്യയ്‌ക്കെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 42 ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്ക്. ഈ ചാനലുകള്‍ നേപ്പാളിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പിന്‍വലിച്ചു. ഉപരോധം അനിശ്ചിതമായി തുടരുമെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.
നേപ്പാളിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുന്നുവെന്നും നേപ്പാളിലേക്ക് എത്തിക്കുന്ന ചരക്കിന് ഇന്ത്യ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു എന്നുമാരോപച്ചാണ് ഈ നടപടികള്‍.
എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ഇന്ത്യന്‍ അംബാസഡര്‍ രഞ്ജിത് റേ, നേപ്പാളുമായി തങ്ങള്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണുള്ളതെന്നും സുരക്ഷാ കാരണങ്ങള്‍ കൊണ്ടുമാത്രമാണ് ചരക്കെത്തിക്കാത്തത് എന്നും വിശദീകരിക്കുന്നു. തങ്ങള്‍ നേപ്പാളിന്റെ പുതിയ ഭരണഘടനയ്ക്കെതിരല്ല എന്നും അദ്ദേഹം അറിയിച്ചു.
മതേതര രാഷ്ട്രമാകാനുള്ള നേപ്പാള്‍ ഗവണ്‍മെന്റ് തീരുമാനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേപ്പാളില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചും പ്രക്ഷോഭക്കാര്‍ പ്രതിഷേധിച്ചു. നേപ്പാളിലേക്കുള്ള വിമാന സര്‍വ്വീസ് ചൈനയും നിര്‍ത്തിവച്ചിട്ടുണ്ട്.
ചാനലുള്‍ക്ക് പുറമേ ഇന്ത്യന്‍ സിനിമകള്‍ നേപ്പാളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും തടഞ്ഞിട്ടുണ്ട്.