| Saturday, 15th June 2019, 11:53 am

കഫീല്‍ ഖാനും പായല്‍ തഡ്‌വിയ്ക്കും വേണ്ടി മിണ്ടിയില്ല; ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തില്‍ ഐ.എം.എയ്ക്ക് ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച ഐ.എം.എയുടെ നടപടി ഇരട്ടത്താപ്പെന്ന വിമര്‍ശനമുയരുന്നു. മുമ്പ് ഡോക്ടര്‍മാര്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ട സമയത്ത് ഇതിനെതിരെ പ്രതികരിക്കാതിരുന്ന ഐ.എം.എ ഇത്തവണ ഇത്തരമൊരു സമരപരിപാടിയിലേക്ക് നീങ്ങിയതിനു പിന്നില്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങളുണ്ടെന്നാണ് വിമര്‍ശനം.

യു.പിയില്‍ ഗോരഖ്പൂരിലെ ശിശുമരണത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഡോ. കഫീല്‍ ഖാനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടിയുമായി നീങ്ങിയപ്പോള്‍ ഐ.എം.എ പ്രതിഷേധിച്ചിരുന്നില്ല. 2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കഫീല്‍ ഖാന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. പിന്നീട് കോടതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയും സുപ്രീം കോടതി അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്ന് ഒരുമാസത്തിനിപ്പുറവും കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയോ അദ്ദേഹത്തിന് അലവന്‍സ് നല്‍കുകയോ ചെയ്തിട്ടില്ല.

മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ സഹപ്രവര്‍ത്തകരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്ത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍ പായല്‍ തഡ്‌വി ആത്മഹത്യ ചെയ്തവേളയിലും ഐ.എം.എ ഇതിനെതിരെ പ്രതിഷേധിച്ചില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാറിന്റെ അതിക്രമത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. അതേസമയം ഇപ്പോഴത്തെ ഐ.എം.എയുടെ സമരത്തിനു പിന്നില്‍ സംഘപരിവാര്‍ താല്‍പര്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയിയയില്‍ ഒരുവിഭാഗം ഉയര്‍ത്തുന്ന ആരോപണം.

‘ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന സമാനമായ സംഭവങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലുമുണ്ടായിട്ടുണ്ട്. പക്ഷേ ഇത്തവണ വലിയ തോതിലുള്ള പ്രതികരണമുയര്‍ന്നുവന്നു. തീര്‍ച്ചയായും ഡോക്ടര്‍മാരോട് മമതയുടെ മനോഭാവം ഒട്ടും നല്ലതായിരുന്നില്ല. പക്ഷേ കഫീല്‍ ഖാന്‍ യോഗി സര്‍ക്കാറിനാല്‍ വേട്ടയാടപ്പെട്ട സമയത്ത് ഐ.എം.എ യാതൊരു ശബ്ദവുമുയര്‍ത്തിയില്ലെന്നത് മറക്കാന്‍ കഴിയില്ല.’ മാധ്യമപ്രവര്‍ത്തകനായ എസ്.ആര്‍ പ്രവീണ്‍ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദ്ദനമേറ്റതിന്റെ പേരിലാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും അന്ത്യശാസനം നല്‍കുകയുമാണ് മമതാ ബാനര്‍ജി ചെയ്തതെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more