| Sunday, 2nd June 2019, 12:59 pm

'ചെയ്യാന്‍ പറ്റുമെങ്കില്‍ നീ ചെയ്ത് കാണിക്ക്'; ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നേസമണിയുടെ സൈന്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യത്ത് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസം ട്വിറ്ററില്‍ മോദിയെ കടത്തിവെട്ടിയ നേസമണി ഇപ്പോഴും മോദി സര്‍ക്കാറിന് പണികൊടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉയരുന്ന പ്രതിഷേധങ്ങളില്‍ മുന്‍പന്തിയില്‍ നേസമണിയുടെ സൈന്യവുമുണ്ട്.

‘നീ പണ്ണേന്‍ പണ്ണി താന്‍ പാറേന്‍’ എന്നാണ് നേസമണി സേന കേന്ദ്രത്തിന് നല്‍കുന്ന മുന്നറിയിപ്പ്.

മലയാളത്തില്‍ സിദ്ധിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു നേസമണി. പാകിസ്താനില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിംഗ് ലേണേര്‍സ് എന്ന ഫേസ്ബുക്ക് പേജില്‍ ഒരു ചുറ്റികയുടെ ചിത്രം കൊടുത്ത് ഇതിനെ നിങ്ങളുടെ നാട്ടില്‍ എന്താണ് പറയുക എന്ന ചോദ്യം ചോദിച്ചിരുന്നു. അതിനു താഴെ ഒരു നേസമണി ആരാധകരന്‍ നേസമണി എന്ന കോണ്‍ട്രാക്ടറുടെ തലയില്‍ ചുറ്റിക വീണ കഥ പറഞ്ഞതോടെയാണ് ട്വിറ്ററില്‍ നേസമണി താരമായത്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസം ട്വിറ്ററില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നേസമണിയായിരുന്നു. ഇപ്പോള്‍ മോദി മന്ത്രിസഭ അധികാരത്തിലേറിയതിനു പിന്നാലെ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന പരിഷ്‌കാരത്തിനെതിരെയും തമിഴ്‌നാട് ജനതയില്‍ വലിയൊരു വിഭാഗം പ്രതിഷേധിക്കുന്നതും നേസമണിയെ ഉയര്‍ത്തിക്കാട്ടിയാണ്.

വടിവേലു അഭിനയിച്ച അരസു എന്ന ചിത്രത്തില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഒരു ഉത്തരേന്ത്യന്‍ കുടുംബത്തിനു മുമ്പില്‍ ഹിന്ദി അറിയാതെ നട്ടംതിരിയുന്ന വടിവേലുവിന്റെ വീഡിയോ ഷെയര്‍ ചെയ്തും സോഷ്യല്‍ മീഡിയ പ്രതിഷേധമറിയിക്കുന്നുണ്ട്. ‘കോണ്‍ട്രാക്ടര്‍ നേസമണി പണ്ടേ ഹിന്ദി ഇംപോസിഷന് എതിരായിരുന്നു’വെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

ബോളിവുഡില്‍ നേസമണിയ്ക്ക് പകരക്കാരനുണ്ടാവുന്ന കാലത്തുമാത്രമേ ഞാന്‍ ഹിന്ദി പഠിക്കൂവെന്നാണ് മറ്റൊരാള്‍ പറയുന്നത്.

കോണ്‍ട്രാക്ടര്‍ നേസമണിയുടെ പരുക്ക് ഭേദമായെന്നും ഹിന്ദി ഇംപോസിഷനെതിരെ പൊരുതാന്‍ അദ്ദേഹം തയ്യാറാണെന്നുമാണ് മറ്റൊരു ട്വീറ്റ്.

ട്വീറ്റുകള്‍ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more