| Saturday, 22nd September 2018, 3:27 pm

'പീഡനവീരാ..'; കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഫ്രാങ്കോയെ കൂകിവിളിച്ച് ജനക്കൂട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂകിവിളിച്ച് ജനക്കൂട്ടം.

രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് പാല മജിസ്‌ട്രേറ്റ് കോടതി ഉത്തരവിറക്കിയതിന് പിന്നാലെ കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് പീഡനവീരാ എന്ന് കൂക്കിവിളിച്ച് ജനങ്ങള്‍ എത്തിയത്.

പാലാ കോടതിക്ക് പുറത്തും വഴിയരികിലും വന്‍ജനക്കൂട്ടമായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെ കൊണ്ടുവരുന്നതറിഞ്ഞ് തടിച്ചുകൂടിയത്. ഫ്രാങ്കോയെ വാഹനത്തില്‍ നിന്ന് ഇറക്കിയപ്പോഴും വലിയ തോതില്‍ ജനങ്ങള്‍കൂകിവിളിച്ചിരുന്നു.

വൈദ്യപരിശോധനക്കായി ബിഷപ്പിനെ കൊണ്ടുവന്നപ്പോഴും വലിയ രീതിയില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ചുറ്റും നിന്നും കൂക്കിവിളി ഉയരുമ്പോഴും മുഖത്ത് ഒരു ചെറിയ ചിരിയുമായാണ് ഫ്രാങ്കോ വാഹനത്തില്‍ നിന്ന് ഇറങ്ങിയത്.

ഫ്രാങ്കോയെ കൊണ്ടുവരുന്ന വഴിയിലെല്ലാം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഓരോ സ്‌റ്റേഷന്‍ പരിധിയിലും അതാത് സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനവ്യൂഹത്തിന് സുരക്ഷ ഒരുക്കിക്കൊണ്ടിരിക്കുന്നത്.


“അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡനം നടത്തി; ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


ഉച്ചയ്ക്ക് 3.30 ഓടെ ബിഷപ്പിനെ പൊലീസ് ക്ലബ്ബില്‍ എത്തിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് അറിയുക. രാത്രിയില്‍ വൈദ്യപരിശോധ നടത്താനാണ് തീരുമാനം.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തെളിവെടുപ്പ് ഇന്ന് ഉണ്ടാവില്ലെന്നാണ് അറിയുന്നത്. കുറുവിലങ്ങാട് മഠത്തിലെ 20 ാം നമ്പര്‍ മുറിയില്‍ ബലാത്സംഗം ചെയ്തു എന്നാണ് കന്യൂസ്ത്രീയുടെ മൊഴി. അത് അടിസ്ഥാനപ്പെടുത്തി അവിടെ മാത്രമായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.

അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.

ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തറയിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിധിപറയുന്നതിനായി ഉച്ചയ്ക്ക് കോടതി ചേര്‍ന്നയുടന്‍ ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30വരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നുവെന്നും ജാമ്യാപേക്ഷ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.

ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈക്കം ഡി.വൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്റെ തീരുമാന.

എന്നാല്‍, യാത്രയ്ക്കിടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ബിഷപ്പ് പറയുകയായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധന നടത്തി യാത്ര തുടരുന്നതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്ന് അറിയിച്ചതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചുവിട്ടു.

തുടര്‍ന്ന് ഫ്രാങ്കോയെ ആറ് മണിക്കൂര്‍ തീവ്രപിരചരണ വിഭാഗത്തില്‍ വിദഗ്ധ പരിശോധന നടത്തിയ ശേഷം ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയ ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more