ന്യൂയോര്‍ക്ക്: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് നേരെ യു.എസില്‍ പ്രതിഷേധം ശക്തമാവുന്നു. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വനിതകളുടെ അവകാശസംരക്ഷണത്തിനും വംശഹത്യകള്‍ അവസാനിപ്പക്കണമെന്നും എന്നാവശ്യപ്പെട്ടും ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയുടെ തെരുവുകളില്‍ ഇറങ്ങിയത്.
ന്യൂയോര്‍ക്ക് സിറ്റി, സിയാറ്റില്‍ തുടങ്ങിയ നഗരങ്ങളിലാണ് പ്രതിഷേധം നടന്നത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന് സമീപമാണ് പ്രതിഷേധം. ട്രംപ് അവകാശപ്പെട്ടതുപോലെയുള്ള കുടിയേറ്റക്കാരുടെ കൂട്ട നാടുകടത്തലിനെതിരായിരുന്നു സമരം. അഭിഭാഷക ഗ്രൂപ്പില്‍പ്പെട്ട സമരക്കാരടങ്ങിയ സംഘം കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.
അതേസമയം വാഷിങ്ടണ്‍ ഡി.സിയിലെ പ്രതിഷേധക്കാര്‍ ‘നല്ല പെരുമാറ്റമുള്ള സ്ത്രീകള്‍ ചരിത്രം സൃഷ്ടിക്കില്ല’ എന്ന് പറയുന്ന കാര്‍ഡുകളും ‘ഞാന്‍ പിന്നോട്ട് പോകില്ല’ എന്നെഴുതിയ കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
എന്നാല്‍ സിയാറ്റിലില്‍ യുദ്ധം അവസാനിപ്പിക്കുക, വംശഹത്യക്കെതിരെ പോരാടുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
വെള്ളിയാഴ്ച പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഡസന്‍ കണക്കിന് പ്രകടനക്കാര്‍, ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിഷേധിച്ച് പോയിന്റ് സ്റ്റാര്‍ട്ട് പാര്‍ക്കില്‍ ഒത്തുകൂടിയിരുന്നു.
ട്രംപിന്റെ ഭരണത്തിന് കീഴില്‍ കുടിയേറ്റക്കാര്‍, സ്ത്രീകള്‍, ക്വീര്‍ സമുദായം എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട ജനങ്ങള്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവരില്‍ പലരും അമേരിക്ക വിട്ട് അയല്‍രാജ്യമായ കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനാല്‍ കാനഡയും അതിര്‍ത്തികളില്‍ പട്രോളിങ് ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു.
Content Highlight: Protest against Donald Trump on various US cities