'നേമത്ത് ബി.ജെ.പിയെ ജയിപ്പിച്ച അതേ കളി കോണ്‍ഗ്രസ് മലമ്പുഴയില്‍ ആവര്‍ത്തിക്കുന്നു'; ജനതാദളിന് മലമ്പുഴ വിട്ടുനല്‍കിയതിനെതിരെ പ്രതിഷേധം
Kerala Election 2021
'നേമത്ത് ബി.ജെ.പിയെ ജയിപ്പിച്ച അതേ കളി കോണ്‍ഗ്രസ് മലമ്പുഴയില്‍ ആവര്‍ത്തിക്കുന്നു'; ജനതാദളിന് മലമ്പുഴ വിട്ടുനല്‍കിയതിനെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th March 2021, 11:54 pm

മലമ്പുഴ: മലമ്പുഴ നിയോജക മണ്ഡലം സീറ്റ് ജനതാദളിന് നല്‍കിയ യു.ഡി.എഫ് നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ബി.ജെ.പി സഹായിക്കാനുള്ള നടപടിയാകുമെന്നാണ് വിമര്‍ശനം ഉയരുന്നത്.

2016ല്‍ നേമത്ത് ഒ. രാജഗോപാലിനെതിരെ അപ്രസക്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ അതേ നടപടി തന്നെയാണ് മലമ്പുഴയില്‍ കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

2006ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് ജയിച്ചത് കോണ്‍ഗ്രസ് നേതാവായ എന്‍.ശക്തനായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വെങ്ങനൂര്‍ പി. ഭാസ്‌കരന്‍ 50135 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മലയിന്‍കീഴ് രാധാകൃഷ്ണന് 6705 വോട്ടായിരുന്നു ലഭിച്ചത്.

എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ മത്സരിക്കാനെത്തിയപ്പോള്‍ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് എസ്.ജെ.ഡിക്ക് വിട്ടുനല്‍കുകയായിരുന്നു. ചാരുപാറ രവിയെന്ന, നേമത്തെ ജനങ്ങള്‍ക്കിടയില്‍ അപരിചിതനായ നേതാവായിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്.

ആ തെരഞ്ഞെടുപ്പില്‍ ആദ്യമായി നേമം മണ്ഡലത്തില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. 43,661 വോട്ടായിരുന്നു ഒ.രാജഗോപാല്‍ നേടിയത്. ചാരുപറ രവിക്ക് 20248 വോട്ടും. 2011ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയാണ് നേമത്തില്‍ നിന്നും എം.എല്‍.എയായി ജയിച്ചത്. 50,076 വോട്ടായിരുന്നു നേടിയത്.

2016ലെ തെരഞ്ഞെടുപ്പില്‍ ജനതാദള്‍(യു)വിന്റെ വി. സുരേന്ദ്രന്‍ പിള്ളയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. ഒ. രാജഗോപാല്‍ 67,813 വോട്ട് നേടി കേരള നിയമസഭയിലെ ബി.ജെ.പിയുടെ ആദ്യ എം.എല്‍.എയായി. സിറ്റിങ് എം.എല്‍.എയായ വി.ശിവന്‍കുട്ടിക്ക് 59,142 വോട്ടായിരുന്നു നേടാനായത്.

നേമത്തെ കോണ്‍ഗ്രസ് നടപടികള്‍ തന്നെയാണ് മലമ്പുഴയിലും ആവര്‍ത്തിക്കുന്നതെന്നും ഇത് ബി.ജെ.പിയെ സഹായിക്കുന്ന നീക്കമാണെന്നുമാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

2016ലെ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതനാന്ദന്‍ 73,299 വോട്ടോടെയാണ് തുടര്‍ച്ചയായ നാലാം തവണയും മലമ്പുഴയില്‍ നിന്നും ജയിച്ചത്.
ആ തെരഞ്ഞെടുപ്പില്‍ ആദ്യമായി മലമ്പുഴ മണ്ഡലത്തില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സി. കൃഷ്ണകുമാര്‍ 46,157 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് യുവനേതാവ് വി.എസ് ജോയിക്ക് 35,333 വോട്ട് ലഭിച്ചിരുന്നു.

വി.എസ് അച്യുതാനന്ദന്‍ മത്സരിക്കാത്തതിനെ തുടര്‍ന്ന് സി.പി.ഐ.എം നേതാവായ എ. പ്രഭാകരനാണ് മലമ്പുഴയില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. സി. കൃഷ്ണകുമാര്‍ തന്നെയാകും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അച്യുതാനന്ദന്‍ മത്സരിത്തിനില്ലാത്തത് തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ഇത്തരമൊരു മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് സംശയകരമാണെന്നാണ് പലരുടെയും പ്രതികരണം. അതേസമയം മലമ്പുഴ സഖ്യകക്ഷികള്‍ക്ക് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധ ജാഥയുമായിട്ടായിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Protest against Congress and UDF over giving Malampuzha seat to JanataDal, says it will help BJP to win