| Friday, 19th April 2024, 1:45 pm

ഫലസ്തീന്‍ അനുകൂലികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി; കൊളംബിയ യൂണിവേഴ്‌സിറ്റിക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ക്യാമ്പസിലെ ഫലസ്തീന്‍ അനുകൂലികളെ നിര്‍ബന്ധിതമായി നീക്കം ചെയ്യാന്‍ പൊലീസിന് അനുമതി നല്‍കിയ കൊളംബിയ യൂണിവേഴ്‌സിറ്റിക്കെതിരെ പ്രതിഷേധം.

യൂണിവേഴ്‌സിറ്റി ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ വശത്തിനോട് ചേരുകയാണെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മിനോഷ് ഷാഫിക്കിന്റെ നിലപാടിനെ അപലപിച്ച് കൊളംബിയ സ്പെക്ടേറ്ററിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രഈലിന്റെ വംശഹത്യാ നിലപാടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന അറസ്റ്റ് ചെയ്യുന്നതിനായി പൊലീസിന് അനുമതി നല്‍കിയ തീരുമാനം യൂണിവേഴ്‌സിറ്റിയുടെ ഇരട്ടത്താപ്പിനെ തുറന്നുകാണിക്കുന്നുവെന്നും വിദ്യാര്‍ത്ഥി പത്രം ചൂണ്ടിക്കാട്ടി.

‘സമാധാനപരമായി പ്രതിഷേധിച്ചതിന് ഞങ്ങളുടെ നൂറിലധികം സഹപാഠികളെയും സഹപ്രവര്‍ത്തകരെയും എന്‍.വൈ.ഡി.പി അറസ്റ്റ് ചെയ്തപ്പോള്‍ നൂറുകണക്കിന് ക്യാമ്പസ് അഫിലിയേറ്റുകള്‍ അതിന് സാക്ഷിയായിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1968ലെ യുദ്ധവിരുദ്ധ പ്രതിഷേധത്തിനിടെ എന്‍.വൈ.ഡി.പിയെ അധികൃതര്‍ ക്യാമ്പസിലേക്ക് ക്ഷണിച്ചപ്പോഴും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു,’ പത്രം ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ഷഫീക്കിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ യു.എസ് കോണ്‍ഗ്രസിന് മുമ്പില്‍ പ്രതിഷേധിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയുടെ സമാധാനവും ഫലസ്തീന്റെ സ്വാതന്ത്ര്യവും തങ്ങളുടെ ലക്ഷ്യങ്ങളായി പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.

നിലവില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമറിന്റെ മകള്‍ ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് വിദ്യാര്‍ത്ഥികളെയെങ്കിലും യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

ഫലസ്തീന്‍ അനുകൂല ആക്ടിവിസത്തെ യഹൂദവിരുദ്ധതയുമായി കൂട്ടിക്കുഴയ്ക്കുകയും കമ്മിറ്റി അംഗങ്ങളെ തൃപ്തിപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളുടെ അവകാശത്തെ നിഷേധിക്കുകയും ചെയ്യന്നുവെന്നാണ് ഷഫീക്കിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനം.

Content Highlight: Protest against Columbia University for allowing police to forcefully remove pro-Palestinian activists from campus

Latest Stories

We use cookies to give you the best possible experience. Learn more