പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍
Citizenship Amendment Act
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 8:44 pm

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പൗരത്വഭേദഗതി ബില്ലിനെതിരെ മുംബൈയില്‍ നടക്കുന്ന ലോംങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. മാര്‍ച്ച് നടക്കുന്നതിന് മുമ്പ് തന്നെ കണ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നേരത്തെ ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.

പൗരത്വ ഭേദഗതി ബില്ലിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്താകമാനം ഉയരുന്നത്. ദല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. കാമ്പസിനകത്തേക്കാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളവും സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഭരണാഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ 16ന് മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെ ബഹുജന പ്രക്ഷോഭമായി തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കുമെന്നാണ്  മുഖ്യമന്ത്രി പറഞ്ഞത്.

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത പ്രതിഷേധമാണ് നിയമത്തിനെതിരെ  നടക്കുന്നത്. ഇന്നലെ അസമില്‍ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്കാണു പരിക്കേറ്റത്. പ്രതിഷേധം ശക്തമായതോടെ സംസ്ഥാനത്തു സൈന്യത്തെ വിന്യസിച്ചിരുന്നു.

നിരവധിപേരാണ് നിരോധനാജ്ഞ ലംഘിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ബില്ലിനെതിരെ അസമില്‍ തുടുരുന്ന പ്രതിഷേധം മേഘാലയിലേക്കും വ്യാപിച്ചിട്ടുണ്ട്.

പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷനാണു പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.