വലിയ ആളായി എന്ന തോന്നല്‍ വേണ്ടെന്നും അതൃപ്തി അറിയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും ഷിയാന്‍ ഷാ എന്ന വ്യക്തി കമന്റ് ചെയ്തിരിക്കുന്നു. പാലക്കാട് വിജയത്തില്‍ നില്‍ക്കുന്ന പ്രവര്‍ത്തകരെ നിരാശരാക്കരുതെന്നും കമന്റില്‍ പറയുന്നു.
പാലക്കാട് രാഹുല്‍ പരാജയപ്പെടണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ചാണ്ടി ഉമ്മനെന്നും അദ്ദേഹത്തെ പോലുള്ള സാഡിസ്റ്റുകളാണ് ഓരോ പ്രസ്ഥാനത്തിന്റെയും ശാപമെന്നും സാജിദ് എ കുഞ്ഞാലന്‍ എന്ന വ്യക്തി കമന്റ് ചെയ്തു.. ഉമ്മന്‍ ചാണ്ടിയുടെ മകനെന്ന തഴമ്പ് മാത്രമേ ചാണ്ടി ഉമ്മനുള്ളൂ എന്നും നല്ല രീതിയില്‍ ഒരു ഡിബേറ്റ് പോലും നടത്താന്‍ കഴിയില്ലെന്നും ബാപ്പു പുന്നാട്ടില്‍ എന്ന വ്യക്തി കമന്റ് ചെയ്തു..
ഉമ്മന്‍ചാണ്ടിക്കെതിരെയും ഈ പോസ്റ്റിന് താഴെ കമന്റുകളുണ്ട്. ഉമ്മന്‍ ചാണ്ടി സരിതക്ക് പിന്നാലെ പോയതിനാലാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തിരിക്കുന്നതെന്നും എന്നിട്ടും പാര്‍ട്ടി സീറ്റ് നല്‍കി വിജയിപ്പിച്ചില്ലേ എന്ന് അഭിജിത് ആര്‍.വി എന്ന വ്യക്തി കമന്റ് ചെയ്തു.. കെ.എസ്.യു ജില്ല കമ്മിറ്റി അംഗം എന്ന് ബയോയില്‍ രേഖപ്പെടുത്തിയ അഭിജിത് ആര്‍.വി. ‘തന്തയെക്കാള്‍ വലിയ ചെറ്റയായാല്‍ സാധാരണ പ്രവര്‍ത്തകരുടെ തനി കൊണം നീ അറിയും’ എന്നും കമന്റ് ചെയ്തു..
ചാണ്ടി ഉമ്മന്‍ രാഹുലിന്റെയും ഷാഫിയുടെയും അത്ര വളര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയെ പറയിപ്പിക്കരുതെന്നും പ്രജീഷ് രവീന്ദ്രന്‍ എന്ന വ്യക്തി കമന്റ് ചെയ്തു. ചാണ്ടി ഉമ്മന് പകരം അച്ചു ഉമ്മനായിരുന്നു സീറ്റ് നല്‍കേണ്ടിയിരുന്നത് എന്നും അടുത്ത തവണ പുതുപ്പള്ളിയില്‍ അച്ചു ഉമ്മനെ നിര്‍ത്തിയില്ലെങ്കില്‍ പുതുപ്പള്ളി കോണ്‍ഗ്രസിന് നഷ്ടമാകുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
അനില്‍ ആന്റണിയുടെയും പത്മജ വേണുഗോപാലിന്റെയും വഴിയിലാണോ ചാണ്ടി ഉമ്മനും എന്ന ആശങ്കയും ചിലര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആശ്രിത നിയമനം കിട്ടിയതല്ലേ, അണികളെയും അനുയായികളെയും വെറുപ്പിക്കാതെ മിണ്ടാതിരിക്കൂ എന്ന് ജോസ് ജെറോം എന്ന വ്യക്തിയും കമന്റ് ചെയ്തു..
അതേ സമയം ചാണ്ടി ഉമ്മനെ പിന്തുണച്ചും ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും വി.ഡി. സതീശനെയും വിമര്‍ശിച്ചും ഈ പോസ്റ്റിന് താഴെ കമന്റുകളുണ്ട്. ഉമ്മന്‍ചാണ്ടി വളര്‍ത്തിയ നേതാവായിട്ടും ഷാഫി പറമ്പില്‍ അവസാന നാളുകളില്‍ അദ്ദേഹത്തെ കരയിപ്പിച്ചെന്നും അനു ആന്‍ വര്‍ഗീസ് എന്ന പ്രൊഫൈലില്‍ നിന്നും കമന്റ് ചെയ്തു.
വി.ഡി. സതീശന്‍ ചെന്നിത്തലയെ ഒതുക്കിയത് പോലെ എ ഗ്രൂപ്പ് പിടിക്കാനായി ഷാഫി എല്ലാവരെയും ഒതുക്കുമെന്നും ചാണ്ടി ഉമ്മന് സന്ദീപ് വാര്യര്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നുമാണ് ജിബിന്‍.കെ എന്ന വ്യക്തിയുടെ കമന്റ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ചാണ്ടി ഉമ്മന്റെ അതൃപ്തി സംബന്ധിച്ച വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് തനിക്ക് വയനാട്ടിലെയും മഹാരാഷ്ട്രയിലെയും ചുമതലകളുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയാണ് ചാണ്ടി ഉമ്മന്‍ തന്റെ അതൃപ്തി പരസ്യമായി പറഞ്ഞത്. തനിക്ക് പാലക്കാട് ചുമതലകളൊന്നും നല്‍കിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരായാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സൈബര്‍ സ്‌പേസുകളില്‍ അദ്ദേഹത്തെ വിമര്‍ശിച്ചും അധിക്ഷേപിച്ചും രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.
content highlights: Protest against Chandy Oommen who made public his displeasure against the party