തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ ഫ്‌ളോട്ട് സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം നടന്നത്.
ജടായുപ്പാറയും ശ്രീനാരായണ ഗുരുവും ഭാഗമാകുന്ന ടാബ്ലോുടെ സെക്ച്ചായിരുന്നു കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇതിന് അനുമതി നല്‍കിയ കേന്ദ്രം പിന്നീട് കേരളം റിപബ്ലിക് ദിന പരേഡില്‍ വേണ്ട എന്ന് തീരുമാനമെടുക്കുകയായിരുന്നു.
സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതെന്നും, ബോധപൂര്‍വ്വമായ ഈ നീക്കം സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി, ജാതിചിന്തയ്ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയവാദത്തിനുമെതിരെ ഗുരു പകര്‍ന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ കൂടുതല്‍ ജനങ്ങളില്‍ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
‘നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചോദ്യങ്ങള്‍ നേരിട്ട ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കാന്‍ തയ്യാറായത്. ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോദി സര്‍ക്കാര്‍ പുരോഗമന സമൂഹത്തിന് അപമാനമാണ്,’പ്രസ്താവനയില്‍ പറയുന്നു.
ജടായുപ്പാറയുടെ സ്‌കെച്ചും മാതൃകയുമായിരുന്നു കേരളം ആദ്യം സമര്‍പ്പിച്ചിരുന്നത്. ജടായുവിന്റെ മുറിഞ്ഞ ചിറക് ഗോപുര വാതിലായും സ്‌കെച്ചില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ശങ്കരാചാര്യരുടെ പ്രതിമ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍, ശ്രീനാരയണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാമെന്ന് കേരളം നിലപാടെടുക്കുകയായിരുന്നു.
കേരളത്തിന്റെ മാത്രമല്ല, തമിഴ്‌നാടിന്റെയടക്കമുള്ള ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനങ്ങളുടെ ടാബ്ലോയും കേന്ദ്രം തള്ളിയിരുന്നു. നിലവാരമില്ലെന്ന് കാണിച്ചായിരുന്നു കേന്ദ്രം ഈ ടാബ്ലോകള്‍ക്ക് അനുമതി നിഷേധിച്ചത്.
സ്വാതന്ത്ര്യസമര സേനാനിയായ ചിദംബരണര്‍, മഹാകവി സുബ്രഹ്‌മണ്യ ഭാരതിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഇന്ത്യയിലെ ആദ്യ രാജ്ഞിയായ റാണി വേലു നാച്ചിയാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊലപ്പെടുത്തിയ മരതുര്‍ സഹോദരന്‍മാര്‍ ഇവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു തമിഴ്‌നാടിന്റെ ഇത്തവണത്തെ ടാബ്ലോ.
എന്നാല്‍, ഇത്തവണ റിപബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെട്ട പല ടാബ്ലോകളും ഹിന്ദുത്വ അജണ്ട വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു ക്ഷേത്രങ്ങളും ആരാധനാമൂര്‍ത്തികളുമായിരുന്നു മിക്ക ടാബ്ലോയിലും ഉപയോഗിച്ചത്.
കാശി ക്ഷേത്രവും പശുവുമായിരുന്നു ഉത്തര്‍പ്രദേശിന്റെ ടാബ്ലോ. ഹിന്ദു ദൈവമായ ഹനുമാനും ക്ഷേത്ര ഗോപുരവുമാണ് കര്‍ണാടകയുടെ ടാബ്ലോയില്‍ ഉള്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്ന റിപബ്ലിക് ദിനത്തില്‍ പോലും ബി.ജെ.പി തങ്ങളുടെ കേവലരാഷ്ട്രീയം മാത്രമാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.
Content Highlight: Protest against Central Gov. decision exclude Kerala’s tableau in Republic Day parade, DYFI installed flot of Dree Narayana Guru