ലക്‌നൗ: എ.ടി.എമ്മുകള്‍ കാലിയായ സാഹചര്യത്തില്‍ യു.പിയിലെ വാരാണസിയില്‍ പ്രതിഷേധവുമായി ജനങ്ങള്‍. രാവിലെ മുതല്‍ അഞ്ചാറ് എ.ടി.എമ്മുകളില്‍ നടന്നിറങ്ങിയിട്ടും പണമില്ലാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
കുട്ടികളുടെ അഡ്മിഷന്‍ ഫീസടക്കാനും പച്ചക്കറിയും പലചരക്കും വാങ്ങാനും പണം എവിടെയെന്നാണ് ഇവര്‍ ചോദിക്കുന്നത്. “എന്താണ് എവിടെയാണ് പ്രശ്‌നമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ എ.ടി.എമ്മുകള്‍ പണം നല്‍കാതായതോടെ സാധാരണക്കാരാണ് ബുദ്ധിമുട്ടു നേരിടുന്നത്. കുട്ടികളുടെ അഡ്മിഷനും പച്ചക്കറിയും പലചരക്കും വാങ്ങാന്‍ കാശ് വേണം” വാരാണസി നിവാസികള്‍ പറയുന്നു.
മധ്യപ്രദേശിലും സമാനമായ അവസ്ഥയാണ്. പന്ത്രണ്ട് എ.ടി.എമ്മുകളില്‍ കയറി ഇറങ്ങിയിട്ടും പണം ലഭിച്ചിട്ടില്ല എന്നാണ് ഭോപ്പാല്‍ നിവാസി എ.എന്‍.ഐയോടു പറഞ്ഞത്. “ഇന്നലെ മുതല്‍ പന്ത്രണ്ടിലേറെ എ.ടി.എമ്മുകളില്‍ കയറിയിറങ്ങി. ഒരിടത്തും പണമില്ല. ഇതുകാരണം ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുകയാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി രാജ്യത്തെ എ.ടി.എമ്മുകളില്‍ കറന്‍സിയുടെ ദൗര്‍ലഭ്യം വലിയ തോതിലുണ്ട്. പലയിടത്തും പണമില്ലാത്ത അവസ്ഥയാണ്. നോട്ട് ക്ഷാമത്തിന്റെ കാരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
Also Read: സൗദി നയങ്ങളോട് യു.എ.ഇക്ക് വിയോജിപ്പെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വലിയ തോതിലാണ് കറന്‍സിയുടെ ഡിമാന്റ് ഉയര്‍ന്നിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളായ മഷി, പേപ്പര്‍ എന്നിവയുടെ ക്ഷാമമാണ് നോട്ട് ക്ഷാമത്തിന് കാരണമെന്നാണ് ആര്‍.ബി.ഐ വൃത്തകള്‍ പറയുന്നത്.
നോട്ടുനിരോധനത്തിനു പിന്നാലെയുണ്ടായ അവസ്ഥയ്ക്ക് സമാനമാണ് ഇപ്പോഴത്തെ സ്ഥിതി. ഉത്തരേന്ത്യയാണ് വലിയ തോതില്‍ നോട്ടുക്ഷാമം നേരിടുന്നത്. ക്ഷാമത്തെ നേരിടാന്‍ 500ന്റെ നോട്ടിന്റെ പ്രിന്റിങ് മൂന്നിരട്ടിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.