പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണമുറിയാത്ത പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്; കോണ്‍ഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി ഇന്ന്
Citizenship Amendment Act
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണമുറിയാത്ത പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്; കോണ്‍ഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 8:08 am

ദിസ്പുര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധം തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലേക്കു കടന്നു. ശനിയാഴ്ച രാവിലെ ദല്‍ഹിയിലെ രാംലീലാ മൈതാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘ഭാരത് ബച്ചാവോ’ റാലി നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടക്കുക.

നേതാക്കളായ അഹമ്മദ് പട്ടേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, അവിനാശ് പാണ്ഡെ തുടങ്ങിയവരും പങ്കെടുക്കും.

ഇന്ത്യയില്‍ റാലി നടക്കുന്ന അതേസമയം തന്നെ ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദേശരാജ്യങ്ങളില്‍ ഓവര്‍സീസ് കോണ്‍ഗ്രസും വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ച അസം, മേഘാലയ, ബംഗാള്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കു നേരെ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതോടെ അക്രമാസക്തമായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കലുഷിത സാഹചര്യം കണക്കിലെടുത്ത് നാളെ അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കിയിരുന്നു. ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും യാത്ര മാറ്റിവെച്ചിട്ടുണ്ട്.

അസമിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്തത്ര ശക്തമായ പ്രതിഷേധത്തിനാണു കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ സാക്ഷ്യം വഹിച്ചചത്. മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവ പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. അതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

സമരത്തില്‍ പങ്കുചേരാനായി മുംബൈ മറൈന്‍ ഡ്രൈവിലെത്തിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതു സ്ഥിതി വഷളാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെ പൊലീസ് കണ്ണന്‍ ഗോപിനാഥനെ വിട്ടയക്കുകയായിരുന്നു.

വിട്ടയച്ച കണ്ണന്‍ ഗോപിനാഥനെ തീപ്പന്തവുമേന്തിവന്ന വിദ്യാര്‍ത്ഥികള്‍ തോളിലേറ്റിയാണ് കൊണ്ടുപോയത്.

വിട്ടയച്ചയുടനെ അമിത്ഷായ്ക്ക് ട്വീറ്റുമായി കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തി. ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ എന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്.

അതിനിടെ ജാമിയ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. കാമ്പസിനകത്തേക്കാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

ജാമിയ മില്ലിയയില്‍ നിന്ന് പാര്‍ലമെന്റിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാമ്പസിനു പുറത്തുള്ള മുഴുവന്‍ ഗേറ്റുകളും പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുകയായിരുന്നു. ബാരിക്കേഡുകള്‍ മറികടന്നുകൊണ്ട് പുറത്തെത്തിയ വിദ്യാര്‍ത്ഥികളാണ് തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.