| Thursday, 30th December 2021, 8:46 pm

ക്രൈസ്തവരുടെ പുതുവര്‍ഷാരംഭ പ്രാര്‍ഥന തടയുന്നത് പ്രതിഷേധാര്‍ഹം: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാത്രി 10 മണിക്ക് ശേഷമുള്ള നിയന്ത്രണം ക്രൈസ്തവ സമൂഹത്തിന് പുതുവര്‍ഷാരംഭ പ്രാര്‍ഥനയില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുമെന്ന് കെ.പി.സി.സി  പ്രസിഡന്റ് കെ. സുധാകരന്‍.

കേരളത്തിലെ ക്രൈസ്തവര്‍ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന ഒന്നാണ് പുതുവര്‍ഷാരംഭ പ്രാര്‍ഥന. ഈ ദിവസം പാതിരാ കുര്‍ബാന ഉള്‍പ്പടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്. സര്‍ക്കാര്‍ ഈ പ്രാര്‍ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

രാത്രി 10 മണിക്ക് ശേഷം സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം ആണ് ക്രൈസ്തവസമൂഹത്തിന്റെ പാതിരാ പ്രാര്‍ത്ഥനയ്ക്ക് ഇപ്പോള്‍ തടസ്സമായിരിക്കുന്നത്. ക്രൈസ്തവര്‍ കുടുംബസമേതം പള്ളികളില്‍ പോയി പ്രാര്‍ഥിക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണിത്. പല പള്ളികളിലും രാത്രി പത്ത് മണിക്ക് ശേഷം ആണ് പ്രാര്‍ഥന നടക്കുന്നത്.

ക്രൈസ്തവ സമൂഹത്തിന് പാതിരാ പ്രാര്‍ഥനകളില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്നും ആചാരപ്രകാരം പ്രാര്‍ഥനകള്‍ നടത്താന്‍ ക്രിസ്തുമത വിശ്വാസികളെ അനുവദിക്കണമെന്നും കെ.പി.സി.സി ശക്തമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങള്‍ക്കും തീര്‍ഥാടനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക് കല്‍പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണമണ്ട്. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം.

അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

ഈ ദിവസങ്ങളില്‍ രാത്രികാല സിനിമാ പ്രദര്‍ശനം നടത്താന്‍ അനുമതി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിയന്ത്രണം നീക്കുന്നത് വരെ 10 മണിക്ക് ശേഷമുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Protest against blocking of New Year prayers by Christians: K. Sudhakaran

We use cookies to give you the best possible experience. Learn more