പാലക്കാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയിലെ ജനപങ്കാളിത്തം കുറഞ്ഞതിനു പിന്നില്‍ ബി.ജെ.പിയിലെ ഒരുവിഭാഗത്തിന്റെ നിസ്സഹകരമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലെ ഒരു വിഭാഗം.
ദേശീയ നേതാക്കളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം അണിനിരന്നിട്ടും ജാഥയ്ക്ക് വേണ്ടത്ര ജനപങ്കാളിത്തമില്ലാതായതാണ് പാര്‍ട്ടിയ്ക്കുള്ളിലെ പടയൊരുക്കത്തിന് കാരണം.
ജനരക്ഷാ യാത്രയ്ക്ക് വേണ്ടത്ര പ്രചാരണം നല്‍ക്കാത്തതും പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്തതിലും നേതൃത്വത്തിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പാലക്കാട് രണ്ടു ദിവസങ്ങളിലായി നടന്ന ജനരക്ഷാ യാത്രയില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ട പ്രവര്‍ത്തകര്‍ പോലും ഉണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട്ടെ കോട്ടമൈതാനത്തിലേക്ക് സംഘടിപ്പിച്ച 14 കിലോമീറ്റര്‍ പദയാത്രയില്‍ ഇരുപതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കേന്ദ്രനേതൃത്വത്തിന് സംസ്ഥാന നേതൃത്വം നല്‍കിയ കണക്ക്. എന്നാല്‍ യാത്രയില്‍ ആറു നിയോജകമണ്ഡങ്ങളില്‍ നിന്ന് വെറും രണ്ടായിരത്തില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. ഇതില്‍ പകുതിയിലേറെയും ഇതരസംസ്ഥാനക്കാരായ ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു.
കൂടാതെ രക്ഷായാത്രയോട് അനുബന്ധിച്ച് നടന്ന റോഡ്‌ഷോയിലും ജനപങ്കാളിത്തം കുറവായിരുന്നു. കഴിഞ്ഞദിവസം പലയിടത്തും ജനരക്ഷായാത്രയെ വരവേല്‍ക്കാന്‍ ഇരുപതില്‍ താഴെ പ്രവര്‍ത്തകരായിരുന്നു ഉണ്ടായിരുന്നത്. പലയിടങ്ങളിലും പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ കേന്ദ്രമന്ത്രിമാരുടെയും മറ്റും സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്.