| Friday, 10th February 2017, 2:22 pm

ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കുനേരെ ജനരോഷം: ആക്രമിക്കപ്പെട്ടത് ആറോളം പേര്‍: ഇരയായവരില്‍ കേന്ദ്രമന്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിതിന്‍ പട്ടേലിനെതിരെയുണ്ടായ ആക്രമണമാണ് ഗുജറാത്തിലെ ബി.ജെ.പി നേതാക്കന്മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്


അഹ്മദാബാദ്: ഗുജറാത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കുനേരെയുള്ള ജനരോഷം വര്‍ധിക്കുന്നത് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തുന്നു. രണ്ടുമാസത്തിനിടെ ആറോളം നേതാക്കളാണ് വിവിധയിടങ്ങളില്‍ ജനരോഷത്തിന് ഇരയായത്.

ഉപമുഖ്യമന്ത്രി നിതനിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ജനരോഷം നേരിട്ട സാഹചര്യത്തില്‍ പൊതുചടങ്ങുകളിലേക്ക് ക്ഷണിക്കപ്പെടുന്ന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ആക്രമിക്കപ്പെടില്ലെന്ന് സംഘാടകരില്‍ നിന്ന് ഉറപ്പുവാങ്ങാന്‍ ബി.ജെ.പി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിതിന്‍ പട്ടേലിനെതിരെയുണ്ടായ ആക്രമണമാണ് ഗുജറാത്തിലെ ബി.ജെ.പി നേതാക്കന്മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്. ഫെബ്രുവരി ആറിന് ഗാന്ധിനഗര്‍ ജില്ലയില്‍ പട്ടേല്‍ സമുദായക്കാരുടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് നേരെ വെള്ളപ്പാക്കറ്റുകള്‍ എറിയുകയായിരുന്നു.

ഗാന്ധിനഗര്‍ ജില്ലയിലെ മാനസ താലൂക്കിലെ വിഹാര്‍ ഗ്രാമത്തില്‍ കട്വ പടിതാര്‍ സമുദായത്തിന്റെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നിതിന്‍ പട്ടേല്‍. നിതിന്‍ പട്ടേല്‍ സംസാരിച്ചുകൊണ്ടിരിക്കെ വേദിയിലേക്കു വന്ന ഒരു സംഘം ആളുകള്‍ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിനുനേരെ പാക്കറ്റുകള്‍ എറിയുകയുമായിരുന്നു.

ഫെബ്രുവരി അഞ്ചിന് ബി.ജെ.പിയുടെ രാജ്യസഭ എം.പി ശങ്കര്‍ഭായ് വേഗദിനെ ഒരാള്‍ പൊതുമധ്യത്തില്‍ മര്‍ദ്ദിച്ചിരുന്നു. ഭര്‍വാദ് സമുദായം സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വേഗദ്. “നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി എന്താണ് ചെയ്തത്?” എന്നു ചോദിച്ചായിരുന്നു ആക്രമണം. എം.പിയെ മര്‍ദ്ദിച്ചതില്‍ തനിക്കൊരു കുറ്റബോധവുമില്ല എന്നാണ് അയാള്‍ പൊലീസിനോടു പറഞ്ഞത്.


Must Read: യൂണിവേഴ്‌സിറ്റി കോളജില്‍ യുവാവ് ആക്രമിക്കപ്പെട്ടത് ശല്യം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്: മര്‍ദ്ദിച്ചത് സഹപാഠികളെന്നും ജെയ്ക്ക് സി. തോമസ് 


അതേദിവസം, സൂറത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനത്തെിയ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കറുത്ത വസ്ത്രങ്ങള്‍ കൊണ്ടുള്ള മാല അണിയിച്ചിരുന്നു. സുരേഷ് പ്രഭു കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പ്രതിഷേധക്കാര്‍ കറുത്ത തുണി കഴുത്തില്‍ അണിയിക്കുകയായിരുന്നു. അദ്ദേഹത്തിന് ലോലിപോപ്പ് കാട്ടി പരിഹസിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനുഭാവികളെന്ന് കരുതുന്ന പത്തുപേര്‍ കേസില്‍ അറസ്റ്റിലായിരുന്നു.

സുരേഷ പ്രഭു മന്ത്രിസ്ഥാനത്തത്തെിയശേഷം റെയില്‍വേ യാത്രാക്കൂലി കൂടിയെന്നും കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടിവന്നതെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് ഇതിനെ ന്യായീകരിച്ചത്.

ഈമാസം ആദ്യം ഗുജറാത്ത് ബി.ജെ.പി യൂത്ത് വിങ് പ്രസിഡന്റായ റിത് വിജ് പട്ടേലിന് ചീമുട്ടയേറും മഷി പ്രയോഗവും നേരിടേണ്ടി വന്നിരുന്നു. സൂറത്തില്‍ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. പട്ടേല്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കളായിരുന്നു ആക്രമണത്തിനു പിന്നില്‍.

ജനുവരി അവസാനയാഴ്ച ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ജയന്തി കവാദിയ സുരേന്ദ്ര നഗറില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നത് ജനങ്ങള്‍ തടഞ്ഞിരുന്നു. മണ്ഡലത്തിനുവേണ്ടി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നു പറഞ്ഞാണ് പ്രസംഗം ജനങ്ങള്‍ തടഞ്ഞത്.

We use cookies to give you the best possible experience. Learn more