| Saturday, 4th May 2024, 6:56 pm

പഞ്ചാബില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരായ സമരം; സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി നടന്ന ഉന്തിലും തള്ളിലും പരിക്കേറ്റ് കര്‍ഷകന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ സമരം ചെയ്ത കര്‍ഷകന്‍ മരിച്ചു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയും പട്യാലയിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ പ്രണീത് കൗറിനെതിരെയാണ് സമരം നടന്നത്.

സുരേന്ദ് പാര്‍ സിങ് എന്ന കര്‍ഷകനാണ് മരിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഗ്രാമങ്ങളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബിലുടനീളം കര്‍ഷക സമരം നടക്കുന്നുണ്ട്.

ഈ സമരക്കാര്‍ക്കിടയിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വാഹനം ഓടിച്ച് കയറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഇതില്‍ പരിക്കേറ്റാണ് കര്‍ഷകന്‍ മരണപ്പെട്ടത്.

നേരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കാറിടിച്ച് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് സുരേന്ദ് പാര്‍ സിങ്ങിന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് കര്‍ഷര്‍ രംഗത്തെത്തി.

കര്‍ഷകന്റെ മരണം ബി.ജെ.പിക്കെതിരായ പ്രതിഷേധം വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. പഞ്ചാബിലെ ഒരു ഗ്രാമങ്ങളിലും ബി.ജെ.പിയെ പ്രചരണം നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകര്‍ സമരം ശക്തമാക്കുകയും ചെയ്തു.

കര്‍ഷകരെ ഭീകരവാദികള്‍ എന്നാണ് നേരത്തെ ബി.ജെ.പി നേതാക്കള്‍ വിളിച്ചതെന്നും, അങ്ങനെയാണെങ്കില്‍ ബി.ജെ.പിക്ക് എന്തിനാണ് കര്‍ഷകരുടെ വോട്ടെന്നുമാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന വിഷയം.

Content Highlight: Protest against BJP candidate in Punjab; farmer died

We use cookies to give you the best possible experience. Learn more