ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിച്ചു
Daily News
ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th September 2015, 12:44 am

പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് പഠനം നടത്തിയ ഡോ.ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്ന് ആരോപിച്ച്  റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് നടത്തിയ പ്രകടനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

രാസ മാലിന്യങ്ങള്‍കൊണ്ട് പെരിയാറിനെ വിഷമയമാക്കുന്ന കമ്പനികളെ വെള്ള പൂശാനുള്ള നീക്കമാണ് ഡോ. ബിജോയ് നന്ദന്‍ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ജനജാഗ്രതാ സമിതി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ കൊടുത്തിരിക്കുന്ന കേസിനെ ദുര്‍ബലപ്പെടുത്താനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഈ റിപ്പോര്‍ട്ടിനെ ഉപയോഗിക്കുമെന്നും ഇതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏലൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സുബൈദ ഹംസയുടെയും കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി.ജോഷിയുടെയും നേതൃത്വത്തിലാണ് ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധിച്ചത്. ലക്ഷകണക്കിന് ജനങ്ങള്‍ കുടിക്കുന്ന പെരിയാറിലേക്ക് യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വിഷമാലിന്യങ്ങള്‍ ഒഴുക്കി ജനങ്ങള്‍ക്ക് മാറാ രോഗങ്ങളും മത്സ്യങ്ങളുടെ കൂട്ട കുരുതിക്കും കാരണക്കാര്‍ ആയവരെ സംരക്ഷിക്കുന്ന വിധം മുന്‍ വിധിയോട് കൂടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും സമര സമിതി വ്യക്തമാക്കി.

പുരുഷന്‍ ഏലൂര്‍, ഷെറിന്‍ വര്‍ഗീസ്, ഡോ. ജി.ഡി  മാര്‍ട്ടിന്‍, മുജീബ് റഹ്മാന്‍, എം.എന്‍ ഗിരി , സുനില്‍ കുമാര്‍, സദകത്ത്, ഡോ. ജോസഫ് മക്കൊളി, സാക്കിര്‍ ഹുസ്സൈന്‍, ഷെറിന്‍ വര്‍ഗീസ്, സാജന്‍ മലയില്‍  തുടങ്ങിയവര്‍ സംസാരിച്ചു.