| Saturday, 26th September 2015, 9:25 am

പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് വിവര്‍ത്തകയെ വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: എ.പി.ജെ അബ്ദുല്‍കലാമിന്റെ  “Transcendence My Spiritual Experience with Pramukh Swamiji” എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിവര്‍ത്തകയെ വിലക്കിയ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം. പുസ്തകം വിവര്‍ത്തനം ചെയ്ത എഴുത്തുകാരി ശ്രീദേവി എസ് കര്‍ത്തയെയാണ് കറന്റ് ബുക്‌സ് തങ്ങളുടെ പുസ്തക പ്രകാശന ചടങ്ങില്‍ നിന്നും വിലക്കിയിരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വിലക്കിയതിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

പുസ്തക പ്രകാശന ചടങ്ങില്‍ അതിഥിയായെത്തുന്ന ബ്രഹ്മവിഹാരി ദാസ് സ്വാമിയുടെ നിബന്ധന അനുസരിച്ചാണ് വിവര്‍ത്തകയെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയത്. താന്‍ ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല എന്ന നിബന്ധനയാണ് സ്വാമി മുന്നോട്ട് വെച്ചിരിക്കുന്നത്. മാത്രവുമല്ല തനിക്ക് മുന്‍ പന്തിയില്‍ സ്ഥാനം നല്‍കണമെന്നും ആ വരിയില്‍ മൂന്ന് സീറ്റുകള്‍ തന്റെ ശിഷ്യന്‍മാര്‍ക്ക് നല്‍കണമെന്നുമാണ് സ്വാമിയുടെ നിബന്ധനകള്‍.

വിവര്‍ത്തക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്നാണ് കറന്റ് ബുക്‌സ് ഏര്‍പ്പെടുത്തിയ വിലക്കിനെ കുറിച്ച് ലോകമറിയുന്നത്. ഒരെഴുത്തുകാരി എന്നതിനുമപ്പുറത്ത് ചില അപകടകരമായ സൂചനകളാണ് ഈ നീക്കം നല്‍കുന്നതെന്നാണ് ശ്രീദേവി കര്‍ത്ത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്.

വിവര്‍ത്തകയ്ക്ക് ഉണ്ടായിട്ടുള്ള ഈ ഭ്രഷ്ട് സ്ത്രീയെന്ന നിലയ്ക്കുള്ളതാണ്. “ലജ്ജാവഹം” എന്നാണ് പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

“പെണ്ണിനെ പുറത്തുനിര്‍ത്തുന്ന എഴുത്തുകള്‍ ഞങ്ങള്‍ക്ക് വേണ്ട” എന്നു പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയകള്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നത്. ശ്രീദേവി എസ്. കാര്‍ത്തയ്ക്ക് പിന്തുണയര്‍പ്പിക്കുന്ന പ്രൊഫൈല്‍ ചിത്രങ്ങളിട്ടും ഫേസ്ബുക്ക് സ്റ്റാറ്റസുകളിലൂടെ പ്രതിഷേധമറിയിച്ചുമാണ് സോഷ്യല്‍ മീഡിയ മുന്നോട്ടുവന്നിരിക്കുന്നത്. പ്രതിഷേധ മറിയിച്ചവരില്‍ പ്രശസ്ത എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകും സ്ത്രീപക്ഷ ചിന്തകരും ഉള്‍പ്പെടുന്നു.

കറന്റ് ബുക്‌സിനെ ഉപരോധിക്കുന്നതും, ബഹിഷ്‌കരിക്കുന്നതുമടക്കമുള്ള പ്രതിഷേധ ആഹ്വാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്നത്. ശ്രീദേവി എസ്. കര്‍ത്തയെ പിന്തുണയ്ക്കുന്ന പ്രമുഖ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍.

കെ.കെ രമ: ആര്‍.എം.പി നേതാവ്
“നവോത്ഥാന മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സംഘപരിവാരത്തിന്റെ സവര്‍ണ്ണഹൈന്ദവ അജണ്ടകളുടെ ചുവടൊപ്പിക്കുന്ന സാംസ്‌കാരിക ഫാസിസം കേരളത്തെ വീണ്ടുമൊരു അയിത്തോച്ചാടന പോരാട്ടത്തിലേക്ക് നയിക്കുകയാണ്, ദശാബ്ദങ്ങളുടെ പോരാട്ടങ്ങളിലൂടെ കേരളം ആര്‍ജിച്ചെടുത്ത നന്മയാണ് ബഹു.അബ്ദുള്‍ കലാമിന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ നിന്ന് സ്ത്രീകളെ തീണ്ടാപാടകലെ ആട്ടിയകറ്റുന്നതിലൂടെ തകര്‍ത്തു കളയുന്നത്.

ദേശീയ പുരസ്‌കാരം നേടിയ എഴുത്തുകാര്‍ പോലും കൊല്ലപ്പെടുകയും പലരും എഴുത്ത് നിര്‍ത്തുകയും, നിരവധി എഴുത്തുകാര്‍ ഭീഷണിയുടെ നിഴലില്‍ ജീവിക്കുകയും ചെയ്യുന്ന ഭീതിതമായ കാലത്ത് തന്നെയാണ് നമ്മുടെ സംസ്ഥാനത്ത് എഴുത്തുകാരി ശ്രീദേവി .എസ്.കര്‍ത്തയ്ക്ക് താന്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ അയിത്തം കല്‍പ്പിക്കപ്പെടുന്നത്.

ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളെ വിവരദോഷികളായ സ്വാമിമാര്‍ക്ക് അടിയറ വെച്ച് നമ്മുടെ നാടിന്റെ പുകള്‍പെറ്റ സാംസ്‌കാരിക ഔന്നത്യം തകര്‍ക്കുന്ന തരത്തില്‍ ചടങ്ങ് സംഘടിപ്പിച്ചവരും പങ്കെടുക്കുന്നവരും ചരിത്ര ബോധം ആര്‍ജിക്കണമെന്ന് മതനിരപേക്ഷ  ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നു.

ആയിരം പുസ്തകങ്ങള്‍ എഴുതുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യന്നതിലല്ല ഒരൊറ്റ പുസ്തകമെങ്കിലും വായിച്ച അറിവ് പ്രകാശനം ചെയ്യുന്നതിലാണ് തിരിച്ചറിവ് എന്ന പ്രാഥമികബോധ്യത്തിലേക്ക് അവരെ ഉണര്‍ത്താന്‍ നമുക്ക് ഒരുമിച്ച് ശബ്ദിക്കാം., നമ്മുടെ നാവുകള്‍ ഫാസിസം പിഴുതെടുക്കും മുമ്പ്….”

ശാരദക്കുട്ടി നിരൂപക

 “ചുണയുള്ള പെണ്ണുങ്ങള്‍ ചൂലെടുക്കേണ്ടത് ഉമ്മറം അടിച്ചു വാരാനല്ല. തൃശ്ശൂരെ പെണ്ണുങ്ങള്‍ ചൂലെടുക്കാറായി. സന്യാസിക്ക് പെണ്ണിനെ കണ്ടാല്‍ കണ്ണ് അശുദ്ധമാകുമത്രേ. അയാള്‍ പുസ്തകം പ്രകാശിപ്പിക്കുന്ന വേദിയിലോ അതിന്റെ ഏഴയലത്തോ പെണ്ണ് ഇരുന്നു കൂടാ.. വിവര്‍ത്തകയായ എഴുത്തുകാരി പുറത്ത്. സ്വാമി അകത്ത്. കേരളത്തില്‍ ഇത് അനുവദിക്കുന്ന പുസ്തക പ്രസാധകരുണ്ടായി എന്നതാണ് അമ്പരപ്പിക്കുന്നത്. സന്യാസിയെ ജില്ലയില്‍ കയറ്റരുത്. ശ്രദ്ധിക്കുക. ആ മനസ്സ് അത്രയ്ക്ക് ആശുദ്ധമാണ് അത് നിങ്ങളെ കാണാന്‍ അനുവദിക്കരുത് കേരളത്തിലെ സ്ത്രീകളോട് പ്രസാധകര്‍ മാപ്പ് പറയണം.”

ഡി.വൈ.എഫ്.ഐ തൃശൂര്‍:

“നാളെ ( 26/9) തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ പ്രകാശനം നടക്കുമ്പോള്‍ മുന്‍ നിരയില്‍ തന്നെ വനിത സഖാക്കള്‍ ഉണ്ടാകും…..

കറന്റ് ബുക്ക് അധികൃതര്‍ പറയുന്നത് ഇത് തെറ്റായ പ്രചരണമാണെന്നാണ് ….

പക്ഷെ, ശ്രീദേവി എസ് കര്‍ത്ത പറയുന്നതാണ് ശരിയെങ്കില്‍ അത് കേരളത്തില്‍ അനുവദിക്കാനാവില്ല. …

ഇത് ശരിയാണെങ്കില്‍ അത്തരം സ്ത്രീവിരുദ്ധ സ്വാമിമാര്‍ ഇത്തരം പരിപാടികളില്‍ വരാതിരിക്കുന്നതാണ് നല്ലത്. നവോത്ഥാന കേരളത്തില്‍ സ്ത്രീവിരുദ്ധ സ്വാമിമാര്‍ക്ക് ഇടമില്ല.

സ്ത്രീവിരുദ്ധ നിലപാടെടുത്ത് കൊണ്ട് ഒരു പുസ്തക പ്രകാശനം നടക്കുകയാണെങ്കില്‍ അതിനെതിരെ പ്രതികരിക്കാന്‍ മുന്‍നിരയില്‍ DYFI ഉണ്ടാകും
സി.സുമേഷ് (DYFI തൃശൂര്‍ ജില്ല സെക്രട്ടറി)”

 ടി.ടി ശ്രീകുമാര്‍: നിരൂപകന്‍

കേരളമാണ്, വിവേചനം വിളിച്ചു പറയാനും ചില മിനിമം അര്‍ഹതകള്‍ വേണമെന്ന് ഓര്‍ക്കണമായിരുന്നു!!! (ഇങ്ങനെയുള്ള) സ്വാമിയെ തൊട്ട (അങ്ങനെയുള്ള) കലാമിനെ തൊട്ട (ഇങ്ങനെയും അങ്ങനെയുമുള്ള) പ്രസാധകനെ തൊട്ട പെണ്ണാണ് എന്ന് ഓര്‍ക്കണമായിരുന്നു… !!!!! (സ്വാമി തന്നെ ഭേദം..)

ആഷിഖ് അബു: സംവിധായകന്‍

തൃശൂര്‍ പരിസരത്ത് താമസിക്കുന്ന പ്രിയ സഹോദരിമാര്‍ പറ്റുമെങ്കില്‍ രാവിലെ സ്വാമി വരുന്ന ചടങ്ങില്‍ പങ്കെടുക്കണം, പറ്റുമെങ്കില്‍ മുന്‍നിരയില്‍ തന്നെ ഇരുന്നു സ്വാമിയുടെ ശക്തി പരീക്ഷിക്കണം ! പ്ലീസ്

അപര്‍ണ കുറുപ്പ്: മാധ്യമപ്രവര്‍ത്തക

പെണ്ണിരിക്കുന്നതു കണ്ടാല്‍ പിരിയിളകുന്നവരെ കറന്റടിപ്പികണം! കൊണ്ടിരുത്തി നാട്ടുകാരേം നാണം കെടുത്തല്ലേ “കറന്റേ” ..
ആസാദ്: അധ്യാപകന്‍, എഴുത്തുകാരന്‍ആത്മാഭിമാനമുള്ള മലയാളിക്കു ലജ്ജിക്കാം. ശിരസ്സുതാഴ്ത്തി ശീലമില്ലാത്തവര്‍ക്ക് ഉച്ചത്തില്‍ പ്രതികരിക്കാം. ഇന്നു തൃശൂരില്‍ വിവേചനത്തിന്റെ സ്മൃതികാല തുരുമ്പുവാളുയര്‍ത്തിയവരെ കേരളം നേരിടുന്ന നാളാവട്ടെ!

ശ്രീദേവി എസ് കര്‍ത്താ പരിഭാഷപ്പെടുത്തിയ എ.പി.ജെ അബ്ദുള്‍കലാമിന്റെ പുസ്തകം “ട്രാന്‍സെന്റന്‍സ് മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത്ത് പ്രാമുക് സാമിജി” ശനിയാഴ്ച്ച തൃശൂരില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായരോടൊപ്പം കലാമിന്റെ സഹ എഴുത്തുകാരന്‍ അരുണ്‍ തിവാരിയും ബ്രഹ്മവിഹാരി ദാസ് സ്വാമിജിയും പങ്കെടുക്കുന്നു.

സ്വാമിജി പങ്കെടുക്കുന്നതുകൊണ്ട് കൃതി പരിഭാഷപ്പെടുത്തിയ ശ്രീദേവിക്ക് വേദിയില്‍ വിലക്ക്. സ്ത്രീകള്‍ അടുത്തൊന്നും എത്തിക്കൂടാ എന്ന നിര്‍ബന്ധമുണ്ടത്രെ സ്വാമിജിക്ക്. സ്വാമിജി കല്‍പ്പിച്ചതിലും ദൂരേക്ക് എഴുത്തുകാരിയെ മാറ്റി നിര്‍ത്തുന്നതില്‍ പ്രസാധകരായ തൃശൂര്‍ കറന്റ് ബുക്‌സിന് അപാകതയൊന്നും തോന്നിയതുമില്ല. ശ്രീദേവി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്ന വര്‍ണാശ്രമകാല നീതിബോധവും കീഴ്‌വഴക്കങ്ങളും ഗുജറാത്ത് സ്വാമി എത്ര ധൈര്യപൂര്‍വ്വമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്! വരുന്നത് ഏതെങ്കിലും ഒരു സ്വാമിയുടെ നിഷ്ഠയല്ലെന്നും സവര്‍ണാധികാര വാഞ്ചയുടെ ഹിംസാത്മകമുഖമാണെന്നും വ്യക്തം.

കേന്ദ്രത്തില്‍ സംഘപരിവാരത്തിന് എന്നേക്കുമായി അധികാരം കിട്ടിയതുപോലെ ഒരു തോന്നല്‍ സ്വാമിജിക്കുണ്ടാവാം. എന്നാലത് തൃശൂര്‍ കറന്റിനുണ്ടാവുന്നത് എങ്ങനെയാണ്? മലയാളിയെ നവീനമായ യുക്തിബോധത്തിലേക്കും ജനാധിപത്യപരമായ പുത്തനുണര്‍വ്വിലേക്കും നയിച്ച ഭൂതകാലപ്പെരുമ അവര്‍ എവിടെയാണ് കുഴിച്ചു മൂടിയത്?

ജോസഫ് മുണ്ടശ്ശേരിയും കുരിപ്പുഴയുമെല്ലാം അക്ഷരങ്ങളില്‍ കലാപത്തീ കൊളുത്തിയ ഒരു കാലഘട്ടത്തെയും അതു സൃഷ്ടിച്ച നവകേരളത്തെയും (തൃശൂര്‍ കറന്റ്) ഒരു സ്വാമിജിക്കു കാണിക്ക വെക്കുന്നത് മോദിയില്‍ ഭ്രമിച്ചാണെങ്കില്‍ അത് അപായകരമാണ്. ഹിംസയുടെയും വിവേചനത്തിന്റെയും വേഷങ്ങള്‍ക്കു നിറഞ്ഞാടാന്‍ കേരളത്തില്‍ വേദിയൊരുക്കുന്നത് എന്തിന്റെ പേരിലായാലും കുറ്റകരമായിരിക്കും.

ശ്രീദേവിയെ അകറ്റുന്നത് സ്ത്രീ വിവേചനത്തിന്റെ മാത്രം പ്രശ്‌നമല്ല. മലയാളിയിലെ മനുഷ്യോര്‍ജ്ജമുണര്‍ത്തിയ നവോത്ഥാന പുരോഗമന മൂല്യങ്ങളുടെയാകെ തിരസ്‌ക്കാരമാണത്. പീഠമിട്ടുകൊടുക്കുന്നത് നാം പുറത്തെറിഞ്ഞ ജീര്‍ണവിചാരങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമാണ്. അത്തരമൊരു വേദിയില്‍ പോവരുതേ എന്ന് എം.ടിയെ നമുക്ക് ഓര്‍മിപ്പിക്കാം. കല്‍ബുര്‍ഗിയുടെ രക്തവും എം.എം ബഷീറിന്റെ തിക്താനുഭവവും ചാടിക്കടന്നേ എം.ടിക്ക് തൃശൂരിലെ വേദിയിലേക്കു കയറാനാവൂ. അതദ്ദേഹത്തിന് അറിയാതെ വരില്ല.

എന്നിട്ടും അങ്ങനെയൊരു ചടങ്ങ് നടത്താന്‍ കേരളത്തില്‍ എത്ര കൂടിയ അളവിലുള്ള കറന്റിനുമാവില്ല. അതു നിര്‍വ്വീര്യമാക്കുന്ന പ്രതിഷേധം അവിടേക്ക് ഇരച്ചെത്തുകതന്നെചെയ്യും. അനീതി നടന്ന നഗരത്തില്‍ അഗ്‌നിനാളങ്ങള്‍ നൃത്തം ചെയ്യുമെന്നത് എപ്പോഴും വെറും കവിവാക്യമായി കടലാസിലുറങ്ങുകയില്ല. അകറ്റി നിര്‍ത്തപ്പെട്ട സ്ത്രീകളുടെ ശബ്ദം തൃശൂരിലേക്കു കുതിക്കുന്നുണ്ടാവണം. അവരെ നിശബ്ദരാക്കാന്‍ ഇനി സ്വാമിജിക്കോ കറന്റ് ബുക്‌സിനോ കഴിഞ്ഞെന്നു വരില്ല.

 

We use cookies to give you the best possible experience. Learn more