പൊട്ടിത്തെറികള്‍ പറഞ്ഞൊതുക്കി ലീഗ്; നൂര്‍ബിന റഷീദിനെ പിന്തുണക്കാന്‍ തീരുമാനിച്ച് ലീഗ് മണ്ഡലം കമ്മിറ്റി
Kerala Election 2021
പൊട്ടിത്തെറികള്‍ പറഞ്ഞൊതുക്കി ലീഗ്; നൂര്‍ബിന റഷീദിനെ പിന്തുണക്കാന്‍ തീരുമാനിച്ച് ലീഗ് മണ്ഡലം കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th March 2021, 8:20 pm

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി അഡ്വ. നൂര്‍ബിന റഷീദിനെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലീഗിലുണ്ടായ പൊട്ടിത്തെറികള്‍ക്ക് അവസനമായതായി റിപ്പോര്‍ട്ട്. നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു.

നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനായി തിങ്കളാഴ്ച യോഗം ചേരുമെന്നും ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുകയെന്നും നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ വനിതാ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാടില്‍ നിന്നും നേതാക്കള്‍ പിന്മാറുകയായിരുന്നു.

നൂര്‍ബിന റഷീദിനെ വിജയിപ്പിക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് എസ്.വി ഉസ്മാന്‍ കോയ അറിയിച്ചു. അതേസമയം ഇത്തരമൊരു പ്രതിഷേധത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നുമായിരുന്നു നൂര്‍ബിന റഷീദിന്റെ പ്രതികരണം.

25 വര്‍ഷത്തിന് ശേഷമാണ് മുസ്ലിം ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ലീഗ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്ന അഡ്വ. നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമാണ്.

1996ലാണ് ഇതിനു മുന്‍പ് ലീഗില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. ഖമറുന്നിസ അന്‍വറായിരുന്നു അന്ന് കോഴിക്കോട് നിന്നും മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുസ്ലിം ലീഗിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സ്ഥാനാര്‍ത്ഥിത്വം വഴിവെച്ചിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എളമരം കരീമിനോട് 8000ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ഖമറുന്നീസ പരാജയപ്പെട്ടത്.

പിന്നീടുള്ള വര്‍ഷങ്ങളില്‍ ലീഗില്‍ നിന്നും വനിതാസ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും 25 വര്‍ഷത്തേക്ക് വനിതകളാരും നിയമസഭാ മത്സരവേദിയിലേക്ക് എത്തിയില്ല.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വനിതകളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗുള്ളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്ലിയ എന്നിവരെ ലീഗ് നേതൃത്വം പരിഗണിക്കുന്നതയായായിരുന്നു റിപ്പോര്‍ട്ടുകള്‍

അതേസമയം മുസ്ലിം ലീഗ് വനിതകളെ പരിഗണിക്കേണ്ടതില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും നിയമസഭയിലേക്ക് അങ്ങനെയൊരു സാഹചര്യമില്ലെന്നും എസ്.വൈ.എസ് സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു.

അതേസമയം സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്ത് നൂര്‍ബിന റഷീദിലൂടെ നിലനിര്‍ത്താനാകുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Protest against Adv.Noorbina Rasheed’s candidacy in  league got over