ന്യൂദല്‍ഹി: ആയുധമെടുത്താണെങ്കിലും സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ ബിഹാറിലെ വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് മുന്‍ കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി അധ്യക്ഷനുമായ ഉപേന്ദ്ര കുശ്‌വാഹ. അനധികൃതമായി ഇ.വി.എമ്മുകള്‍ സ്വകാര്യ വാഹനങ്ങളില്‍ കടത്തുന്നതും, സൂക്ഷിക്കുന്നതുമായി വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് കുശ്‌വാഹ പ്രസ്താവന.
നേരത്തെ സംസ്ഥാനത്ത് ബൂത്ത് പിടിക്കല്‍ വ്യാപകമായിരുന്നെന്നും, എന്നാല്‍ ഇന്നതില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്രാവശ്യം അത്തരം ഒരു ശ്രമം നടന്നാല്‍, ഞാന്‍, ബിഹാറിലെ ജനങ്ങളോട് ആയുധമെടുത്തും സ്വന്തം വോട്ടുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു’- അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നും കുശ്‌വാഹ പറഞ്ഞു. കുറച്ചുനാള്‍ മുന്‍പു വരെ ബിഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ആര്‍.എല്‍.എസ്.പി.
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട എക്സിറ്റ് പോളുകള്‍ കൊണ്ട് ഫലം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകും. അതിനായി അവര്‍ ധാര്‍മികമോ അധാര്‍മികമോ ആയ ഏതു ചുവടും സ്വീകരിക്കും. ഇതൊരു വലിയ ഗൂഢാലോചനയാണ്. എക്സിറ്റ് പോളുകള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണ്.’- കുശ്‌വാഹ ആരോപിച്ചു.
എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധമില്ലാത്തവയാണ്. എക്സിറ്റ് പോളുകളുടെ ഭാഗമായി സര്‍വേയില്‍ പങ്കെടുത്ത ഒരാളെപ്പോലും നമ്മളിതുവരെ കണ്ടിട്ടില്ല. ഒരു സൈക്കോളജിക്കല്‍ ടൂളാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. നേരത്തേ അത് ബൂത്തുപിടിത്തമായിരുന്നു. ഇപ്പോളത് എക്സിറ്റ് പോളുകളാണെന്നും അദ്ദേഹം പറഞ്ഞു.
മോദിസര്‍ക്കാരില്‍ മാനവവിഭവശേഷി സഹമന്ത്രിയായിരുന്നു കുശ്വാഹ. എന്നാല്‍ കുറച്ചുനാള്‍ മുന്‍പ് ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി.
വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ രാജ്യത്തെ 22 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു.
സാമ്പിള്‍ വിവിപാറ്റും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍, പ്രസ്തുത മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.