| Wednesday, 8th November 2017, 10:38 am

നോട്ട് നിരോധനത്തിന് പിന്നാലെ ലൈംഗിക തൊഴിലും മനുഷ്യക്കടത്തും ഇല്ലാതായി; ഒന്നാംവര്‍ഷത്തില്‍ പുതിയ നേട്ടം അവകാശപ്പെട്ട് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നേട്ടങ്ങള്‍ നിരത്താനുള്ള തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍. ആന്റി ബ്ലാക് മണി ഡേ ആയി ആചരിക്കുന്ന ഇന്ന് നോട്ടുനിരോധനം രാജ്യത്തിന് ഗുണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് പ്രചരിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

നോട്ട് നിരോധനത്തിന് പിന്നാലെ ലൈംഗികതൊഴിലും മനുഷ്യക്കടത്തും ഇല്ലാതായെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അവകാശവാദം. മാംസവ്യാപാരം ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ തുടച്ചുമാറ്റപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്.

“സ്ത്രീകളേയും കുട്ടികളേയും മനുഷ്യക്കടത്ത് സംഘങ്ങള്‍ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും വലിയ തോതില്‍ പണം ഒഴുകിയിരുന്നു. ഇത്തരത്തില്‍ മാംസ വ്യാപരത്തിനായി ഉപയോഗിച്ചിരുന്നത് 500 ന്റേയും 1000 ത്തിന്റേയും നോട്ടുകളായിരുന്നു. എന്നാല്‍ ഇന്ന് അത് ഇല്ലാതായി. ജമ്മുകാശ്മീരിലെ കല്ലേറും നോട്ട് നിരോധനത്തിന് പിന്നാലെ ഇല്ലാതായെന്ന് പറയാം”. -രവിശങ്കര്‍ പ്രസാദ് പറയുന്നു. നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ അത് രാജ്യത്തിന് ഗുണപരമായ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


Dont Miss റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍


അതേസമയം രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമെന്ന് ചൂണ്ടിക്കാട്ടി കരിദിനമായാണ് നോട്ട് നിരോധനത്തിന്റെ വാര്‍ഷികം പ്രതിപക്ഷം ആചരിക്കുന്നത്. ഇതിനെതിരെയും രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. തെറ്റായ തീരുമാനമായിരുന്നു നോട്ട് നിരോധനം എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങള്‍ സത്യസന്ധമായാണ് ഈ ദിവസത്തെ ആചരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. സത്യസന്ധതയോട് എന്തിനാണ് കോണ്‍ഗ്രസ് മുഖം തിരിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ജമ്മുകശ്മീരില്‍ കല്ലേറ് കുറഞ്ഞത് നോട്ടുനിരോധനത്തിന്റെ വലിയ ഒരു നേട്ടമാണെന്നും നോട്ടുനിരോധനത്തെ അടുത്ത തലമുറ അഭിമാനത്തോടെ ഓര്‍ക്കുമെന്നുമായിരുന്നു ഇന്നലെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന.

നോട്ട് അസാധുവാക്കിയതോടെ കാശ്മീരില്‍ പണത്തിന്റെ വരവ് കുറഞ്ഞതിനാല്‍ കല്ലേറ് ഗണ്യമായി കുറഞ്ഞെന്നും. കശ്മീരില്‍ മാത്രമല്ല നക്സല്‍ ബാധിത പ്രദേശങ്ങളിലും പ്രശ്നങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ വാക്കുകള്‍.

നോട്ട് നിരോധിച്ചതുകൊണ്ടുള്ള നേട്ടങ്ങള്‍ ചിലര്‍ക്ക് ഇപ്പോള്‍ മനസ്സിലാവില്ലെന്നും പക്ഷേ ഭാവി തലമുറ 2016 നവംബര്‍ ന് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more