യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണ് വേശ്യകള്‍; ബി.ജെ.പി എം.എല്‍.എ
national news
യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണ് വേശ്യകള്‍; ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th June 2018, 11:12 am

ലഖ്‌നൗ: യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പിയിലെ തന്നെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേശ്യകളുമായാണ് ഇദ്ദേഹം താരതമ്യം ചെയ്തത്.

“സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ എന്തുകൊണ്ടും മികച്ചവരാണ് ഇവിടെ വേശ്യാവൃത്തി ചെയ്യുന്നവര്‍. അവര്‍ വാങ്ങുന്ന പണത്തിന് കൃത്യമായി ജോലി ചെയ്യും. പണം കൊടുത്താല്‍ സ്‌റ്റേജില്‍ കയറി ഡാന്‍സ് ചെയ്യും. എന്നാല്‍ കൈക്കൂലി നല്‍കിയാല്‍ പോലും ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ സ്വന്തം കടമ നിര്‍വഹിക്കില്ല”- എന്നായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.

ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ അവരെ കൈകാര്യം ചെയ്യാനും ബി.ജെ.പി അനുയായികളോട് എം.എല്‍.എ ആവശ്യപ്പെടുന്നുണ്ട്.


Dont Miss നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് പറയിപ്പിക്കരുത്; ജോസഫ് വാഴക്കനെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാല്‍


“”ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടു എന്നിരിക്കുക, അയാളെ ക്രൂരമായി തന്നെ മര്‍ദ്ദിക്കുക. സ്വന്തം ജോലി കൃത്യമായി ചെയ്യുന്നില്ല എന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് കാലില്‍ കിടക്കുന്ന ഷൂസ് ഊരിയും അയാളെ അടിക്കാം””- എന്നായിരുന്നു എം.എല്‍.എയുടെ വാക്കുകള്‍.

തന്റെ മണ്ഡലത്തിലുള്ള ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ ബി.ജെ.പിക്കാരില്‍ നിന്ന് തന്നെ കൈക്കൂലി ആവശ്യപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ താന്‍ പറഞ്ഞത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് വേണ്ടി ജയിലില്‍ പോയി കിടക്കാനും താന്‍ തയ്യാറാണെന്നും പറഞ്ഞ് സുരേന്ദ്ര സിങ് രംഗത്തെത്തി.

അതേസമയം പ്രസ്താവനയോട് പ്രതികരിച്ച് ബി.ജെ.പിയുടെ യു.പി വക്താവ് രാകേഷ് ത്രിപതി രംഗത്തെത്തി. സുരേന്ദ്രസിങ് ഗ്രാമീണമേഖലയില്‍ നിന്നും വരുന്ന ആളാണെന്നും തനത് നാടന്‍ ശൈലിയിലുള്ള പ്രയോഗമേ അദ്ദേഹത്തിന് വഴങ്ങുള്ളൂവെന്നുമായിരുന്നു രാകേഷ് ത്രിപതി പറഞ്ഞത്.

നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണഖയുമായി താരതമ്യം ചെയ്ത് വിവാദത്തിലായ വ്യക്തി കൂടിയാണ് സുരേന്ദ്ര സിങ്.