തലശേരി: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ ബുദ്ധികേന്ദ്രം സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനാണെന്നു പ്രോസിക്യൂഷന്‍.
പി.കെ. കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ തലശേരി സെഷന്‍സ് കോടതിയില്‍ അന്വേഷണസംഘത്തിന് വേണ്ടി പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷയില്‍ നാളെ കോടതി തീരുമാനമെടുക്കും.
മുന്‍പു നാലുതവണ ചന്ദ്രശേഖരനെതിരെ വധശ്രമമുണ്ടായതിനെക്കുറിച്ചും കുഞ്ഞനന്തന് അറിവുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലടക്കം ഗൂഢാലോചന നടന്നു. കുഞ്ഞനന്തനെപ്പോലൊരാള്‍ക്ക് ജാമ്യം നല്‍കുന്നതു തെറ്റായ പ്രതീതി ഉളവാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കുഞ്ഞനന്തന് കേസില്‍ കൃത്യമായ പങ്കുണ്ട്. കൃത്യം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും ഇടയിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് കുഞ്ഞനന്തനാണ്.
കേസില്‍ കുഞ്ഞനന്തനെതിരേ തെളിവില്ലെന്ന അദ്ദേഹിന്റെ അഭിഭാഷകന്റെ വാദം പ്രോസിക്യൂഷന്‍ എതിര്‍ത്തു. അറസ്റ്റിലായവരില്‍ നിന്നും കുഞ്ഞനന്തനെതിരെ നിര്‍ണ്ണായകമൊഴികളാണ് ലഭിച്ചതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കെട്ടിച്ചമച്ചതാണെന്നും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത മുപ്പതോളം ആളുകളെക്കുറിച്ച് വിവരമൊന്നുമില്ലെന്നും അതിനാലാണ് കുഞ്ഞനന്തന്‍ മാറി നില്‍ക്കുന്നതെന്നും അദ്ദേഹത്തിന് വേണ്ടി അഭിഭാഷകന്‍ അറിയിച്ചു.
ഒരു സാമൂഹിക പ്രവര്‍ത്തകനായ കുഞ്ഞനന്തനെതിരെ കെട്ടിച്ചമച്ച വാര്‍ത്തകള്‍ ഉണ്ടാവുകയാണ്. നിയമവ്യവസ്ഥയുമായി സഹകരിക്കാന്‍ കുഞ്ഞനന്തന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടു തവണയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവെച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിക്ക് മുന്നിലെത്തിയെങ്കിലും തീരുമാനം പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. കോടതി ആവശ്യപ്പെട്ട പ്രകാരം പ്രോസിക്യൂഷന്‍ ഇന്ന് മുദ്രവച്ച കവറില്‍ കേസ് ഡയറി ഹാജരാക്കി.