ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ച് സി.എ.എ (പൗരത്വ ഭേദഗതി നിയമം) പിന്‍വലിപ്പിക്കാനായിരുന്നു ഉമര്‍ ഖാലിദിന്റെയും കൂട്ടരുടെയും ലക്ഷ്യമെന്ന് ദല്‍ഹി പൊലീസ്. ഇതിന്റെ ഭാഗമായി ഇവര്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിന് യു.എ.പി.എ കേസില്‍ ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ നടത്തിയ വാദത്തിലാണ് ഇക്കാര്യം പറയുന്നത്.
കലാപം നടത്താനുള്ള ഗൂഢാലോചന ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അമിത് പ്രസാദ് ആരോപിച്ചു.
ഈ പ്രതിഷേധങ്ങള്‍ ഒരു രാത്രി കൊണ്ട് ഉണ്ടായതല്ലെന്നും കൃത്യമായി മസ്ജിദുകളുടെ അടുത്ത് ആസൂത്രിതമായി സംഘടിപ്പിച്ചതാണെന്നും, ലോജിക്കല്‍ സപ്പോര്‍ട്ട് നല്‍കാന്‍ ആളുകള്‍ ഉണ്ടായിരുന്നതായി തങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അമിത് പറഞ്ഞു.
‘കേന്ദ്രത്തെ ഭയപ്പെടുത്തുകയും, സി.എ.എ നടപ്പിലാക്കിയ സര്‍ക്കാരിന്റെ അധികാരത്തിന് മേല്‍ തുരങ്കം വെക്കുകയും ജനാധിപത്യവ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുകയുമായിരുന്നു ഇവരുടെ ആത്യന്തികമായ ലക്ഷ്യം.
സര്‍ക്കാരിനെ മുട്ടുകുത്തിച്ച് സി.എ.എ പിന്‍വലിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം,’ അമിത് പ്രസാദ് കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഏജന്‍സി കേവലം ഏതെങ്കിലുമൊരു വ്യക്തിയല്ലെന്നും ഭരണകൂടത്തിന്റെത് തന്നെയാണെന്നും അമിത് പറഞ്ഞു. കോടതിയില്‍ മൊഴി നല്‍കുകയും അതിന് പിന്നാലെ മൊഴി നല്‍കിയ സാക്ഷി പിന്മാറുകയും ചെയ്താല്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും, സാക്ഷി വിശ്വാസയോഗ്യമല്ല എന്ന് പറയരുതെന്നും അമിത് പ്രസാദ് പറഞ്ഞു.
ഉമറിനെതിരായ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അതിന് രഹസ്യസ്വഭാവമാണുള്ളതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.