| Monday, 11th July 2022, 11:37 am

നടിയെ ആക്രമിച്ച കേസിലെ ദിലീപ് അനുകൂല പരാമര്‍ശം; മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ മൊഴിയെടുക്കും; നിയമനടപടി സ്വീകരിക്കാനും പ്രോസിക്യൂഷന് ഉപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ മൊഴിയെടുക്കും. അന്വേഷണ സംഘമായിരിക്കും വൈകാതെ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രീലേഖയുടെ മൊഴിയെടുക്കേണ്ടതുണ്ട് എന്നാണ് അന്വേഷണ സംഘത്തിന് പ്രോസിക്യൂഷന്‍ നല്‍കിയിരിക്കുന്ന നിയമോപദേശം. ശ്രീലേഖയുടെ വെളിപ്പെടുത്തലായി ഈ പരാമര്‍ശങ്ങളെ കാണാനാവില്ലെന്നും അത് അഭിപ്രായ പ്രകടനം മാത്രമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞായാണ് റിപ്പോര്‍ട്ട്.

ശ്രീലേഖയുടെ അഭിപ്രായ പ്രകടനങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക

അതേസമയം ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നടിയെ ആക്രമിച്ച കേസിലെ വിസ്താരം നടന്നുകൊണ്ടിരിക്കെ, കേസിലെ പ്രതിയെക്കുറിച്ച് ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും എന്നാണ് നിയമവിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.

ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആര്‍. ശ്രീലേഖ പറഞ്ഞത്. മതിയായ തെളിവുകളില്ലാതെ ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത് കോടതിയലക്ഷ്യ നടപടിയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ആര്‍. ശ്രീലേഖയുടെ വീഡിയോ പുറത്തുവന്നത്. ദിലീപിനെതിരെ ഉണ്ടാക്കിയത് വ്യാജ തെളിവാണെന്നും ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നുമാണ് വീഡിയോയില്‍ ആര്‍. ശ്രീലേഖ പറഞ്ഞത്. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പാണെന്നും ഒരു ഉദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.

‘ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്.പൊലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

സാക്ഷികള്‍ കൂറുമാറാന്‍ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പള്‍സര്‍ സുനി മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാം, പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പൊലീസുകാരാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷന്‍ എന്നതും തെളിവായി കാണാന്‍ ആകില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നു.

ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ചുതന്നത് ദിലീപിനൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നില്‍ക്കുമ്പോള്‍ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം. അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പൊലീസുകാരന്‍ തന്നെ കാണിച്ചത്. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു.

അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍, ”ശരിയാണ് ശ്രീലേഖ പറഞ്ഞത്, അത് ഫോട്ടോഷോപ്പ് തന്നെയാണ്” എന്ന് സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്ന് അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു,’ ശ്രീലേഖ വീഡിയോയില്‍ പറഞ്ഞു.

താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവുമില്ലാതിരിക്കെയാണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നുവന്നതെന്നും അവര്‍ പറഞ്ഞു.

Content Highlight: Prosecution in Actress attack case to file contempt of court against former DGP R Sreelekha

We use cookies to give you the best possible experience. Learn more