കാസര്‍ഗോഡ്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി ദൗര്‍ഭാഗ്യകാര്യമെന്ന് പ്രോസിക്യൂഷന്‍. ഡി.എന്‍.എ തെളിവ് പോലും കോടതി വിലകല്‍പ്പിച്ചില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടേത് അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കുന്ന വിധിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ശാസ്ത്രീയമായ മുഴുവന്‍ തെളിവുകളും ശേഖരിക്കുന്നതില്‍ പൊലീസ് വിജയം കണ്ടുവെന്നും ഇതുവരെ ഒറ്റ സാക്ഷി പോലും കൂറുമാറിയിട്ടില്ലെന്നും വാദി ഭാഗം അഭിഭാഷകന്‍ അഡ്വ. ഷുക്കൂര്‍ പറഞ്ഞു. മുഴുവന്‍ സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഴ്ച പറ്റിയത് എവിടെയാണെന്ന് പരിശോധിക്കുമെന്നും ഇങ്ങനെയൊരു വിധിയല്ല പ്രതീക്ഷിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് കോടതി വെറുതെ വിട്ടത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.
2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. മദ്രസയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷക്കാലമായി ജയിലില്‍ തന്നെയായിരുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രവും സമര്‍പ്പിച്ചു. കേസിന്റെ വിചാരണ വേളയില്‍ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പൂര്‍ണമായ വിധി പകര്‍പ്പ് വരുന്നതോടെ അന്വേഷണ സംഘത്തിന് എവിടെയാണ് വീഴ്ച പറ്റിയതെന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
Content Highlight: Prosecution calls court verdict acquitting accused in Riyaz Maulvi murder case unfortunate