കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്‌ളാറ്റിലെന്ന് പ്രോസിക്യൂഷന്‍. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപെന്ന പ്രതിയുടെ ചരിത്രം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു വിശ്വസ്യാതയുള്ള സാക്ഷിയുള്ള ഈ കേസില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശാപ വാക്കുകളാണ് പ്രതി ദിലീപ് നടത്തിയതെന്നുമാണ് പ്രധാനമായും പ്രതിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
വെറും ശാപ വാക്കല്ല ദിലീപ് പറഞ്ഞത്. പ്രതി ഉപയോഗിച്ച ചില വാക്കുകള്‍ ശാപ വാക്കായി കണക്കാക്കിയാല്‍ പോലും പണി കൊടുക്കുമെന്ന് പറയുന്നത് ഒരിക്കലും അത്തരം പ്രയോഗമായി കാണാന്‍ പറ്റില്ല. ബാലചന്ദ്രകുമാറെന്ന ദൃക്‌സാക്ഷിയുള്ള കേസാണിത്. ബാലചന്ദ്ര കുമാര്‍ ദിലീപുമായി
ബന്ധപ്പെട്ട വിഷയം പൊലീസിനെ അറിയിക്കുമെന്ന പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടഞ്ഞുവെന്നും ദിലീപ് നമ്മളെ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞതായുമുള്ള മൊഴി പ്രോസിക്യൂഷന്‍ കോടതിയെ വായിച്ചു കേള്‍പ്പിച്ചു.
വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്.
ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദം വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്.
വളരെ ഗൗരവമുള്ള ഒരു കേസിനെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ ഇതിനിടെ പറഞ്ഞിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തിനെതിരെയാണ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്.
അനാവശ്യമായി കേസ് നീട്ടിവെക്കുന്നു എന്ന രീതിയില്‍ പുറത്ത് ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതിനിടെ കോടതി ചൂണ്ടിക്കാട്ടി.
ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയ ആളാണ് ബാലചന്ദ്രകുമാറെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
തനിക്കെതിരായ എഫ്.ഐ.ആറില്‍ ഏറെ വൈരുദ്ധ്യമുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വസിക്കരുത്. തന്റെ കക്ഷിയുടെ ദേഹത്ത് അന്വേഷണ സംഘം കൈവെച്ചിട്ടില്ല. പിന്നെ എന്തിനാണ് വൈരാഗ്യം തീര്‍ക്കുന്നത്. ഇത്തരമൊരു കേസ് തന്നെയില്ല. എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്‍ന്നതായി സൂചനയുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് വിവരം.
ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറിയെന്നതായും സൂചനയുണ്ട്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും പെന്‍ഡ്രൈവിലെ ഹാഷ് വാല്യൂ മാറിയെന്നും സൂചനയുണ്ട്.
Content Highlights: Prosecution alleges conspiracy in flat named after Dileep’s ex-wife Manju Warrier