തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മര്‍ദനം; ആവശ്യമെങ്കില്‍ ഏജന്‍സിയുടെ കരാര്‍ റദ്ദാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മര്‍ദനം; ആവശ്യമെങ്കില്‍ ഏജന്‍സിയുടെ കരാര്‍ റദ്ദാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st November 2021, 2:59 pm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി മന്ത്രി വീണ ജോര്‍ജ്. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വീണ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

രോഗിയോടൊപ്പമെത്തിയ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത പൊലീസ് സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെ് അറസ്റ്റ് ചെയ്തിരുന്നു. സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവിനാണ് മര്‍ദ്ദനമേറ്റത്. മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലായിരുന്നില്ല ഏജന്‍സിയില്‍ നിന്നും വന്ന സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ ഇനി മുതല്‍ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗിയായ അമ്മൂമ്മക്ക് കൂട്ടിരിക്കാന്‍ വന്ന ബന്ധുവിന് പാസ് നല്‍കാന്‍ വന്നപ്പോഴാണ് അരുണിന് മര്‍ദ്ദനമേറ്റത്.

പാസ് കൈമാറുന്നത് കണ്ട സുരക്ഷ ജീവനക്കാര്‍ പാസ് വാങ്ങി കീറിക്കളയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അരുണ്‍ദേവിനെ ഗേറ്റിനുള്ളിലേക്ക് കോളറില്‍ പിടിച്ച് വലിച്ചുകൊണ്ടുപോയി വീണ്ടും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിന് പി്ന്നാലെ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ ആക്രമണത്തിന്റെ മറ്റ് ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: proposal-to-terminate-the-contract-with-the-security-agency-if-necessary