വനിതാ കമ്മീഷന്‍ അധ്യക്ഷ എച്ച്.ഐ.വി/എയ്ഡ്‌സ് ലോബിയുടെ വക്താവായെന്ന് സുനിതാ കൃഷ്ണന്‍
Daily News
വനിതാ കമ്മീഷന്‍ അധ്യക്ഷ എച്ച്.ഐ.വി/എയ്ഡ്‌സ് ലോബിയുടെ വക്താവായെന്ന് സുനിതാ കൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th October 2014, 9:39 am

sunitha1 ഹൈദരാബാദ്: ഇന്ത്യയില്‍ ലൈംഗിക തൊഴില്‍ നിയമവിധേയമാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമരമംഗലത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അഭിപ്രായം വെറുപ്പുളവാക്കുന്നതാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

ലൈംഗിക തൊഴില്‍ നിയമവിധേയമാക്കണമെന്ന നിര്‍ദേശം നവംബര്‍ 8ന് നടക്കുന്ന മന്ത്രിസഭാ ഉന്നതാധികാര സമിതിയില്‍ വയ്ക്കുമെന്നാണ് ലളിത കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് യാഥാര്‍ത്ഥ്യം അറിയില്ലെന്നും എച്ച്.ഐ.വി, എയ്ഡ്‌സ് ലോബിയുടെ വക്താവായി അവര്‍ മാറിയിരിക്കുകയാണെന്നുമാണ് ചില വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ആലോചിക്കാതെയുള്ള അഭിപ്രായപ്രകടനമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടേത്. പോലീസ് റെയ്ഡ് ചെയ്യുന്ന സമയത്ത് രക്ഷപ്പെട്ട് കളയുന്ന ബ്രോക്കര്‍മാര്‍ക്കെതിരെ അവര്‍ എന്തുകൊണ്ടാണ് ഒന്നും ചെയ്യാത്തതെന്നും വനിതാ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

ലളിത കുമരമംഗലത്തിന്റെ അഭിപ്രായ പ്രകടനത്തില്‍ വേദനയും വെറുപ്പും തോന്നിയെന്ന് ലൈംഗിക ചൂഷണത്തിനെതിരായി പ്രവര്‍ത്തിക്കുന്ന പ്രജ്ജ്വാലയുടെ സ്ഥാപക സുനിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. “ലൈംഗിക അടിമത്തം നിയമവിധേയമാക്കാനാണ് ഇന്ന് അവര്‍ ആവശ്യപ്പെടുന്നത്. തടയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഇവര്‍ നാളെ ബലാല്‍സംഗം നിയമവിധേയമാക്കണമെന്ന് പറയും. ലൈംഗിക തൊഴില്‍ എന്ന് പറയുന്നത് ചൂഷണമാണെന്ന് ആളുകള്‍ തിരിച്ചറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് മനുഷ്യന്റെ വികാരങ്ങളെ ചൂഷണം ചെയ്യുന്നത് വര്‍ധിപ്പിക്കും.” സുനിത കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അംഗീകാരം നല്‍കുകവഴി ഇത് വര്‍ധിക്കുകയേയുള്ളൂ വെന്നും സുനിത പറഞ്ഞു. എച്ച്.ഐ.വി ലോബിയുടെ വക്താവ് ആകുന്നതിന് പകരം കുട്ടികളില്‍ നിന്നുവരെ സെക്‌സ് വാങ്ങാന്‍ തയ്യാറാവുന്ന പുരുഷന്മാരെ ചോദ്യം ചെയ്യാനുള്ള ധൈര്യം അവര്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചുപോകുന്നെന്നും സുനിത വ്യക്തമാക്കി.

വരുമാനമുണ്ടാക്കാന്‍ മറ്റ് വഴികള്‍ നല്‍കി സ്ത്രീകളെ ശാക്തീകരിക്കുന്നതിന് പകരം മാംസ വില്പനയിലേക്ക് പൂര്‍ണമായും അവരെ തള്ളിവിടുകയാണ് ഇത് ചെയ്യുകയെന്ന് ചില ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. ഇത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അഭിപ്രായമുയര്‍ന്നു.

സ്ത്രീകളില്‍ ആരും സ്വയം ലൈംഗിക തൊഴില്‍ തിരഞ്ഞെടുക്കാറില്ല, അവര്‍ നിര്‍ബന്ധിക്കപ്പെട്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് വനിതാ സംഘടനയായ തരുണി അംഗം മമത രഘുവീര്‍ പറഞ്ഞു.