പത്ത് കുട്ടികളില്‍ കുറവുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ റദ്ദാക്കാന്‍ ആലോചന; ചിലരുടെ എതിര്‍പ്പ് പ്രതീക്ഷിക്കുന്നതായി മന്ത്രി
Kerala News
പത്ത് കുട്ടികളില്‍ കുറവുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ റദ്ദാക്കാന്‍ ആലോചന; ചിലരുടെ എതിര്‍പ്പ് പ്രതീക്ഷിക്കുന്നതായി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2024, 8:09 am

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 10 കുട്ടികളില്‍ താഴെയുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം. ഇത്തരത്തിലുള്ള ബാച്ചുകള്‍ റദ്ദാക്കി ആവശ്യമുള്ള ഇടങ്ങളില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ സ്‌കൂളുകളില്‍ അധികമുണ്ടായിരുന്ന സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരമേഖല സര്‍ട്ടിഫിക്കറ്റ് അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നേരത്തെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ പലയിടങ്ങളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മലബാര്‍ മേഖലയിലടക്കം പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി പ്രവേശന നടപടികള്‍ക്ക് മുമ്പ് തന്നെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

ഈ പ്രദേശങ്ങളില്‍ അടക്കം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ് എന്നായിരുന്നു പ്രവേശന നടപടികള്‍ക്ക് ശേഷം പുറത്തു വന്ന കണക്കുകള്‍. ഇതിന് പിന്നാലെയാണ് കുറവ് കുട്ടികളുള്ള ബാച്ചുകള്‍ റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന മന്ത്രിയുടെ പ്രതികരണം.

ഖാദര്‍കമ്മിറ്റി ശുപാര്‍ശ രണ്ടാം ഭാഗത്തിലെ സാധ്യമായ കാര്യങ്ങളെല്ലാം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത കാലത്തിനനുസരിച്ച് മാറിയിട്ടുണ്ട്. പ്രൈമറി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഡിഗ്രി നിര്‍ബന്ധമാക്കും.

സെക്കന്‍ഡറി ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മാസ്റ്റേര്‍സ് ഡിഗ്രിയും യോഗ്യതയായി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ കാലകാലങ്ങളായി നവീകരിക്കപ്പെടേണ്ടവരാണെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശയിലെ ഇതു സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി വി. ശിവന്‍കുട്ടി കോഴിക്കോട് പറഞ്ഞു.

അതേസമയം കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരമേഖല അദാലത്തില്‍ 872 പരാതികള്‍ തീര്‍പ്പാക്കി. ആകെ ലഭിച്ചത് 2100 പരാതികളായിരുന്നു. തീര്‍പ്പാക്കിയ 460 പരാതികള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു എന്നും മന്ത്രി പറഞ്ഞു.

അടുത്ത ഘട്ടത്തില്‍ മുഴുവന്‍ ജില്ലകളെയും കണക്കിലെടുത്ത് സംസ്ഥാന തലത്തില്‍ ഒരു മെഗാ അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു. 2023 ഡിസംബര്‍ 31 വരെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകളില്‍ കെട്ടിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയാണ് അദാലത്ത് സംഘടിപ്പിച്ചത്.

CONTENT HIGHLIGHTS: Proposal to cancel Plus One batches with less than 10 children; The minister said that he expected opposition from some people