ന്യൂദല്‍ഹി: വാര്‍ധക്യ കാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് സ്വത്ത് കൈക്കലാക്കിയശേഷം വാഗ്ദാനം പാലിച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ അസാധുവാക്കാമെന്ന് സുപ്രീം കോടതി. മക്കളുടെ സ്വത്തുക്കള്‍ അസാധുവാക്കാന്‍ ട്രിബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കടതി ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ് സ്വദേശിയായ ഊര്‍മിള നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മകന്‍ സുനില്‍ ശരണ്‍ ദീക്ഷിത്തും ഊര്‍മിളയും തമ്മിലുള്ള സ്വത്ത് കൈമാറ്റ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
തന്റെ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞപ്പോള്‍ മകന് ഇഷ്ടദാനമായി സ്വത്തുക്കള്‍ എഴുതിക്കൊടുത്തെന്നും എന്നാല്‍ മകന്‍ തന്നെ സംരക്ഷിച്ചില്ലെന്നും അതിനാല്‍ സ്വത്ത് കൈമാറ്റം അസാധുവാക്കണമെന്നും ചൂണ്ടിക്കാണിച്ച് ഊര്‍മിള ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ മധ്യപ്രദേശ് ഹൈക്കോടതി ഊര്‍മിളയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് അത് റദ്ദാക്കി. തുടര്‍ന്നാണ് ഊര്‍മിള സുപ്രീം കോടതിയെ സമീപിച്ചത്.
രക്ഷിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനായി രൂപീകരിച്ച 2007ലെ നിയമത്തിലെ 23ാം വകുപ്പില്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വത്ത് അസാധുവാക്കനുള്ള വ്യവസ്ഥയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ടി.വി. രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവിട്ടത്. ഊര്‍മിളയ്ക്ക് സ്വത്തുക്കള്‍ എത്രയും വേഗം തിരികെ നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
Content Highlight: Property can be revoked if promise is not kept after taking property to protect parents says Supreme Court