ആശ്രമം കത്തിച്ചത് ഞാനാണെന്ന് പ്രചരിപ്പിച്ചു, പൊലീസ് ആർ.എസ്.എസിന് എല്ലാ സഹായവും ചെയ്തുകൊടുത്തു: സന്ദീപാനന്ദഗിരി
Kerala News
ആശ്രമം കത്തിച്ചത് ഞാനാണെന്ന് പ്രചരിപ്പിച്ചു, പൊലീസ് ആർ.എസ്.എസിന് എല്ലാ സഹായവും ചെയ്തുകൊടുത്തു: സന്ദീപാനന്ദഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2024, 4:33 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് അജിത് കുമാർ അട്ടിമറിച്ചെന്ന എം.എൽ.എ പി.വി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. റിപ്പോർട്ടർ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ അട്ടിമറി മൂലം തനിക്ക് ഇൻഷുറൻസ് തുക പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘കേസിന്റെ നാൾ വഴികളൊക്കെ നിങ്ങൾക്കറിയാമല്ലോ. സംഭവം നടന്ന് കഴിഞ്ഞ് ഞാൻ തന്നെയാണ് ഇത് ചെയ്തതെന്ന് പ്രചാരണം നടത്തുന്നതിന് പൊലീസിന്റെ ഭാഗത്ത് നിന്ന് സംഘപരിവാറിന് എല്ലാ വിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. സി.ഡി.ആർ പരിശോധിക്കാനോ ഞാൻ പറയുന്നത് കേൾക്കാനോ അവർ തയാറായിരുന്നില്ല. ഇവിടെ റീത്ത് കൊണ്ടുവെച്ച കൈയക്ഷരം ഇതിന് മുമ്പും ഇവിടേക്ക് അസഭ്യങ്ങൾ എഴുതി അയച്ച കത്തിൽ ഉള്ള കൈയക്ഷരവും ഒന്ന് തന്നെയായിരുന്നു. ഇതൊന്നും പൊലീസ് ചെവികൊണ്ടില്ല.

ആശ്രമത്തിന് സമീപത്ത് ടാർ വീപ്പകളിൽ പോസ്റ്ററുകൾ ഒട്ടിച്ചിരുന്ന സംഘപരിവാർ അംഗംങ്ങളോട് അവയെല്ലാം മാറ്റാനുള്ള നിർദേശം നൽകിയതും പൊലീസ് ആണ്. തെളിവ് നശിപ്പിക്കാൻ പൊലീസ് സഹായിക്കുകയായിരുന്നു. പൊലീസ് ശരിയായ രീതിയിൽ ആയിരുന്നില്ല കേസ് അന്വേഷണം നടത്തിയതെന്ന് ആദ്യമേ എനിക്ക് ബോധ്യം വന്നതായിരുന്നു.

ആശ്രമത്തിലെ സി.സി.ടി.വി കേടായിരുന്നു ഇത് നന്നാക്കാൻ കൊടുത്ത കടക്കാരനെ പൊലീസ് ഒരുപാട് തവണ ചോദ്യം ചെയ്തിരുന്നു. അദ്ദേഹം ഒരു സത്യസന്ധനായതിനാൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് കൊടുത്തു. അദ്ദേഹത്തെ സ്വാധീനിക്കാനും പൊലീസ് ശ്രമിച്ചിരുന്നു. അമിത് ഷാ വരുന്നതിനാൽ ശ്രദ്ധ തിരിച്ച് വിടാനായി ഞാൻ ചെയ്തതാണിത് എന്ന് വരെ പറയുകയുണ്ടായി. ഒരുപാട് ഇടത് പക്ഷ അനുഭാവികൾ പോലും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതിന് പിന്നാലെ ഇൻഷുറൻസ് ഏജന്റുമാർ പോലും ഞാൻ ആണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നു. ഇപ്പോഴും രണ്ട് വാഹനങ്ങളുടെ ഇൻഷുറൻസ് തുക എനിക്ക് ലഭിച്ചിട്ടില്ല. ഇൻഷുറൻസ് റിപ്പോർട്ട് വരെ എനിക്ക് എതിരായി എഴുതാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരി തന്നെയെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. കേസ് അട്ടിമറിച്ച് ആർ.എസ്.എസ് ബന്ധമുള്ളവർക്ക് ഇതിലുള്ള ബന്ധം അന്വേഷിക്കാൻ തയാറാകാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കേസ് തിരിച്ച് വിടാൻ എ.ഡി.ജി.പി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും ശ്രമിച്ചെന്നായിരുന്നു അൻവറിന്റെ ആരോപണം

Content Higghlight: Propaganda that I burnt ashram, police gave all help to RSS: Sandeepanandagiri