കണ്ണൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ കലാപം ലക്ഷ്യമിട്ട് തീവ്ര ക്രിസ്ത്യന്‍-ഹിന്ദു പ്രവര്‍ത്തകരുടെ വ്യാജപ്രചരണം.
മുസ്‌ലിംയുവാവിന്റെ ചിത്രമുപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കി ‘ബിപിന്‍ റാവത്തിന്റെ മരണത്തില്‍ സന്തോഷിക്കുന്ന ഈരാറ്റുപേട്ടക്കാരന്‍ ജിഹാദി’ എന്ന് പറഞ്ഞാണ് വിദ്വേഷ പ്രചരണം.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ ചിത്രമുപയോഗിച്ചാണ് വ്യാജ അക്കൗണ്ടുണ്ടാക്കി വിദ്വേഷ പ്രചരണം അഴിച്ചുവിട്ടത്.
സംഭവത്തില്‍ എടക്കാട് പൊലീസ് സ്റ്റേഷനിലും കണ്ണൂര്‍ എസ്.പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടന്ന് ഫൈസല്‍ ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.
ഫേസ്ബുക്കില്‍ നിന്നെടുത്ത ഫോട്ടോയാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതെന്നും തന്റെ മക്കളുടേതടക്കമുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഫൈസല്‍ പറഞ്ഞു.
‘എനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ജനങ്ങള്‍ക്ക് സത്യാവസ്ഥ അറിയണമെന്നില്ല. അവരെന്നെ കാണുന്നത് കുറ്റക്കാരായാണ്. എന്റെ പേര് ഫൈസല്‍ എന്നാണ്. മകളുടെ പേരിലാണ് ഫേസ്ബുക്ക് അക്കൗണ്ട് എടുത്തത്. ഫെമിന കെ. എന്നതായിയിരുന്നു അക്കൗണ്ട്,’ ഫൈസല്‍ ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.
ഫെമിനയുടെ അക്കൗണ്ടില്‍ നിന്നെടുത്ത ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചരണം.
അവര്‍ സൗദിയില്‍ ജോലി ചെയ്യുന്നയാളാണെന്ന് പറഞ്ഞായിരുന്നു വ്യാജപ്രചരണം നടത്തിയത്. 17 വര്‍ഷമായി നാട്ടില്‍ കൂലിപ്പണി ചെയ്യുന്നയാളാണ് താനെന്ന് ഫൈസല്‍ പറയുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തി ഫേസ്ബുക്ക് നോക്കിയപ്പോഴാണ് വ്യാജ പ്രചരണം കണ്ടത്. ഡിസംബര്‍ പത്തിനാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതികരണമെടുക്കാന്‍ എടക്കാട് പൊലീസ് സ്റ്റേഷനുമായി ഡ്യൂള്‍ന്യൂസ് ബന്ധപ്പെട്ടെങ്കിലും വിശദീകരണം ലഭിച്ചില്ല.
ആര്‍.എസ്.എസ് നേതാവായ ശ്രീ ചെറായി എന്നയാളും മറ്റ് നിരവധി സംഘപരിവാര്‍- തീവ്ര ക്രിസ്ത്യന്‍ പ്രൊഫൈലുകളും ഈ വിദ്വേഷ പ്രചരണം ഫേസ്ബുക്ക് ലൈവിലൂടെ ഉള്‍പ്പെടെ നടത്തി മതസ്പര്‍ധയ്ക്ക് ആക്കം കൂട്ടിയിരുന്നു.
പ്രൊഫൈല്‍ ഉടമ എസ്.ഡി.പി.ഐക്കാരനാണെന്ന് തോന്നിപ്പിക്കും വിധം നിര്‍മിച്ച വ്യാജ അക്കൗണ്ട് വഴിയായിരുന്നു പ്രചരണം. ഇത് പാളിയതോടെ ഈ അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: ‘Kri-Sanghi’ propaganda by creating a fake profile with a picture of a Muslim youth targeting riots over Bipin Rawat’s death