കണ്ണൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ കലാപം ലക്ഷ്യമിട്ട് തീവ്ര ക്രിസ്ത്യന്‍-ഹിന്ദു പ്രവര്‍ത്തകരുടെ വ്യാജപ്രചരണം.
മുസ്‌ലിംയുവാവിന്റെ ചിത്രമുപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കി ‘ബിപിന്‍ റാവത്തിന്റെ മരണത്തില്‍ സന്തോഷിക്കുന്ന ഈരാറ്റുപേട്ടക്കാരന്‍ ജിഹാദി’ എന്ന് പറഞ്ഞാണ് വിദ്വേഷ പ്രചരണം.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ ചിത്രമുപയോഗിച്ചാണ് വ്യാജ അക്കൗണ്ടുണ്ടാക്കി വിദ്വേഷ പ്രചരണം അഴിച്ചുവിട്ടത്.
സംഭവത്തില്‍ എടക്കാട് പൊലീസ് സ്റ്റേഷനിലും കണ്ണൂര്‍ എസ്.പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടന്ന് ഫൈസല്‍ ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.
ഫേസ്ബുക്കില്‍ നിന്നെടുത്ത ഫോട്ടോയാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതെന്നും തന്റെ മക്കളുടേതടക്കമുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഫൈസല്‍ പറഞ്ഞു.
‘എനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ജനങ്ങള്‍ക്ക് സത്യാവസ്ഥ അറിയണമെന്നില്ല. അവരെന്നെ കാണുന്നത് കുറ്റക്കാരായാണ്. എന്റെ പേര് ഫൈസല്‍ എന്നാണ്. മകളുടെ പേരിലാണ് ഫേസ്ബുക്ക് അക്കൗണ്ട് എടുത്തത്. ഫെമിന കെ. എന്നതായിയിരുന്നു അക്കൗണ്ട്,’ ഫൈസല്‍ ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.
ഫെമിനയുടെ അക്കൗണ്ടില്‍ നിന്നെടുത്ത ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചരണം.
അവര്‍ സൗദിയില്‍ ജോലി ചെയ്യുന്നയാളാണെന്ന് പറഞ്ഞായിരുന്നു വ്യാജപ്രചരണം നടത്തിയത്. 17 വര്‍ഷമായി നാട്ടില്‍ കൂലിപ്പണി ചെയ്യുന്നയാളാണ് താനെന്ന് ഫൈസല്‍ പറയുന്നു.