കോഴിക്കോട്: റുബെല്ല, മീസില്‍സ് രോഗങ്ങള്‍ക്കെതിരായ എം.ആര്‍ വാക്‌സിന്‍ ക്യാമ്പെയില്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ അമ്പത്തിയാറ് ലക്ഷം കുട്ടികള്‍ക്കാണ്(നവംബര്‍ 15 വരെ 5721996 കുട്ടികള്‍ക്ക്) കുത്തിവെപ്പ് നല്‍കിയത്. ഒമ്പത് മാസത്തിനും പതിനഞ്ച് വയസ്സിനും ഇടയിലുള്ള എഴുപത്തിഞ്ച് ലക്ഷം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്.
ഗര്‍ഭിണികളെ ബാധിക്കുന്ന റുബെല്ല, മീസില്‍സ് (അഞ്ചാംപനി) രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഇന്ത്യയൊട്ടാകെ ആരംഭിച്ച യജ്ഞമാണ് എം.ആര്‍ ക്യാമ്പെയിന്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ നവംമ്പര്‍ മൂന്ന് വരെയായിരുന്നു കേരളത്തില്‍ ക്യാമ്പെയിനിനായി ആദ്യം നിശ്ചയിച്ചത്. തൊണ്ണൂറ്റി അഞ്ച് ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ആരോഗ്യവകുപ്പ് ജീവനക്കാരും ഡോക്ടര്‍മാരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും പ്രചരണ പരിപാടികളും നടത്തി. സ്‌കൂളുകളില്‍ യോഗം വിളിച്ച് രക്ഷിതാക്കളേയും അധ്യാപകരേയും ബോധവത്കരണം നടത്തി.
പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരാണ് കുത്തിവെപ്പ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കുന്നിടത്ത് ഡോക്ടറുടെ സാന്നിധ്യവും ഉറപ്പു വരുത്തുന്നുണ്ട്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും വാക്‌സിന്‍ ക്യാമ്പെയിന്‍ ലക്ഷ്യത്തിനോടടുത്തില്ല. ഒക്ടോബര്‍ മുപ്പത് ആയപ്പോഴും 65% കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയത്. ഇതേത്തുടര്‍ന്നാണ് നവംബര്‍ പതിനെട്ട് വരെ കാലാവധി നീട്ടിയത്.
വലിയൊരു ലക്ഷ്യംവെച്ചുള്ള ക്യാമ്പെയിന് തിരിച്ചടിയായത് എന്താണെന്നതിന് ഉത്തരം ലളിതമാണ്. എക്കാലത്തും കേരളത്തില്‍ ശക്തമായിരുന്ന വാക്‌സിന്‍ വിരുദ്ധരുടെ പ്രചരണം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളായിരുന്നു കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ തുടക്കം മുതല്‍ ഏറ്റവും പിറകില്‍ നിന്നിരുന്നത്. ദുരിതം വിതച്ചിരുന്ന വസൂരിയും പോളിയോയും നിര്‍മ്മാര്‍ജ്ജനം ചെയ്തത് പ്രതിരോധ കുത്തിവെപ്പിന് സ്വീകാര്യത നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചില നിക്ഷിപ്ത താല്പര്യക്കാര്‍ വാക്‌സിനെതിരെ പ്രചരണങ്ങള്‍ ആരംഭിച്ചു.
മീസില്‍സ് റൂബെല്ല ബോധവത്ക്കരണത്തിന്റെ ഭാഗമായി സ്വയം കുത്തിവെപ്പെടുത്ത ഡോക്ടര്‍ ഷിംന അസീസ്
പിന്നീടുള്ള കാലത്തെല്ലാം സംസ്ഥാനത്തെ ചില ജില്ലകളില്‍ വാക്‌സിന്‍ വിരുദ്ധര്‍ക്ക് വലിയ സ്വാധീനം ചെലുത്താനായി എന്നത് രോഗ പ്രതിരോധ രംഗത്ത് തിരിച്ചടിയായി. അതിന്റെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണമാവുകയാണ് എം.ആര്‍ വാക്‌സിന്‍ ക്യാമ്പെയിന്‍.
കുത്തിവെപ്പിലൂടെ പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ സംസ്ഥാനത്ത് തിരിച്ചു വരികയാണ്. ഡിഫ്തീരിയ മലബാറില്‍ കഴിഞ്ഞ കുറച്ച് വര്‍ഷമായി ഭീതി വിതക്കുകയാണ്. കുട്ടികള്‍ക്ക് പിടിപെട്ടിരുന്ന രോഗം മുതിര്‍ന്നവരിലേക്ക് മാറുന്നു എന്ന ദുരന്തവും സംഭവിച്ചു. അതിനിടെയാണ് എം.ആര്‍ വാക്‌സിന്‍ ക്യാമ്പെയിന്‍ എത്തുന്നതും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എം.ആര്‍ വാക്‌സിന്‍ ക്യാമ്പെയിന്‍ തുടങ്ങിയപ്പോള്‍ തന്നെ വാക്‌സിനെതിരായ പ്രചരണവും ശക്തമായിരുന്നു. കവല പ്രസംഗങ്ങളും വീട് കയറിയുള്ള പ്രചരണവും നടത്തിയിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സോഷ്യല്‍ മീഡിയയെയാണ് വാക്‌സിന്‍ വിരുദ്ധര്‍ ഉപയോഗിച്ചെന്നതാണ് വലിയ തിരിച്ചടിയായത്.
മത- സാമുദായിക സംഘടനകള്‍ വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു മുന്നോട്ടുവന്നിട്ടും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും പാണക്കാട് ശിഹാബ് തങ്ങളും ഉള്‍പ്പെടെ ആഹ്വാനം ചെയ്തിട്ടും അനുയായികളില്‍ ചലനമുണ്ടായില്ലെന്നതിന്റെ തെളിവായിരുന്നു മലപ്പുറം, കോഴിക്കോട്, കണ്ണുര്‍ ജില്ലകളില്‍ വാക്‌സിന്‍ എടുക്കാത്തവരുടെ കണക്ക്.
ഇത് പരിശോധിക്കുമ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിരുദ്ധ പ്രചരണം എം.ആര്‍ വാക്‌സിന്‍ ക്യാമ്പെയിനിനെതിരെ വലിയൊരു വിഭാഗത്തെ അണിനിരത്താന്‍ കഴിഞ്ഞുവെന്ന് മനസിലാകുന്നത്. വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. നിക്ഷിപ്ത താല്പര്യത്തോടെ നിര്‍മ്മിക്കപ്പെട്ട സന്ദേശങ്ങളില്‍ സാധാരണക്കാര്‍ മാത്രമല്ല വീഴുന്നതും. “സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വേണ്ടത്ര മുന്‍കരുതലെടുക്കുന്നില്ല”, “ഡോക്ടര്‍മാരുടെ മേല്‍നോട്ടമില്ല, ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള മോദി സര്‍ക്കാരിന്റെ അജണ്ട, വന്ധീകരണം സംഭവിക്കും, ഓട്ടിസം പിടിപെടാം തുടങ്ങിയവയായിരുന്നു സന്ദേശങ്ങളിലെ പൊതുവായ ഉള്ളടക്കം.
എം.ആര്‍ വാക്‌സിനെതിരായി പ്രചരിച്ച സന്ദേശങ്ങളിലെ മറ്റ് ആരോപണങ്ങള്‍
• യാതൊരു പരിശോധനയുമില്ലാതെയാണ് വാക്‌സിന്‍ പുറത്തിറക്കിയിരിക്കുന്നത്.
• ജനസംഖ്യ കുറയ്ക്കുകയാണ് വാക്‌സിനേഷന്റെ ലക്ഷ്യം.
• എം.ആര്‍ വാക്‌സിന്‍ നല്‍കിയ എല്ലാ സംസ്ഥാനങ്ങളിലും കുട്ടികള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതത് കേരളത്തില്‍.
• വാക്‌സിന്‍ നല്‍കിയ നൂറോളം കുട്ടികള്‍ മരിച്ചു.
• പതിനായിരത്തോളം കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായി.
• മലപ്പുറം ജില്ലയില്‍ വാക്‌സിനെടുത്ത എട്ട് കുട്ടികള്‍ മരിച്ചു.
• രക്ഷിതാക്കളെ ആരോഗ്യവകുപ്പ് ഭീഷണിപ്പെടുത്തുന്നു.
• ഭയക്കരുത് കേരളത്തില്‍ കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കുത്തിവെപ്പെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് കുട്ടികള്‍ക്ക് വിവിധ രോഗങ്ങള്‍ കണ്ടെത്തിയതെന്നും ഡബ്ല്യു.എച്ച്.ഒ 2016ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്.
• പരാതി പറയുന്ന രക്ഷിതാക്കളെ കേസില്‍ കുടുക്കും.
• വ്യാജ ഡോക്ടര്‍മാര്‍ സാമ്പത്തിക ലക്ഷ്യമിട്ട് വാക്‌സിന്‍ പ്രചരിപ്പിക്കുകയാണ്.
• വാക്‌സിനെടുത്ത് പാര്‍ശ്വഫലങ്ങളുണ്ടാവുമ്പോള്‍ അത് കുട്ടിക്ക് നേരത്തെ തന്നെയുണ്ടായിരുന്നുവെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം പച്ചക്കള്ളമാണ്.
• പോഷകാഹാരം പോലും ലഭിക്കാതെ പട്ടിണിയിലായ ആദിവാസികളെ വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തുന്നു.
• കുട്ടികള്‍ക്ക് അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിയമില്ല. സര്‍ക്കാറിന് ഇതിനായി പ്രത്യേക ഫണ്ടുമില്ല.
ഇത്തരം സന്ദേശങ്ങള്‍ കൂടാതെ കുത്തിവെപ്പെടുത്ത കോട്ടയം കടനാട് സെന്റ് സെബസ്റ്റിയന്‍ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ ബോധരഹിതരായെന്ന് വ്യാജവാര്‍ത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചു. ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ തന്നെ രംഗത്തെത്തി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. എങ്കിലും ഇത്തരം തെറ്റായ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിപ്പിക്കുന്നു.
പല സ്‌കൂളുകളും ആരോഗ്യവകുപ്പ് അധികൃതരുടെ നടപടികളോട് സഹകരിച്ചതുമില്ല. രക്ഷിതാക്കളുടെ സമ്മതമില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. വ്യാജ സന്ദേശങ്ങള്‍ക്കൊപ്പം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടുള്ള ന്യൂനപക്ഷങ്ങളുടെ ഭയവും വാക്‌സിന്‍ വിരുദ്ധര്‍ ഉപയോഗപ്പെടുത്തിയെന്ന് ഇന്‍ഫോക്ലിനിക്കിലെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് നിരീക്ഷിക്കുന്നു.
ക്യാമ്പെയിന്റെ തുടക്കം മുതല്‍ പുതിയ പുതിയ സന്ദേശങ്ങള്‍ പ്രചരിച്ചു. എല്ലാ വാക്‌സിനേഷന്‍ ക്യാമ്പെയിനിനെതിരെയും ഇത്തരം നീക്കം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത് ഊര്‍ജ്ജിതമായി. ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും വാക്‌സിനെതിരെ ഉപയോഗിച്ചുവെന്നും നെല്‍സണ്‍ ജോസഫ് പറഞ്ഞു. എം.ആര്‍ കുത്തിവെപ്പെടുക്കാന്‍ അനുവദിക്കുന്നതിലൂടെ എല്ലാ വാക്‌സിനുകളും എതിര്‍പ്പുകളില്ലാതെ അടിച്ചേല്‍പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നതെന്ന്് വാക്‌സിനെ എതിര്‍ക്കുന്നവരുടെ ആരോപണം.
കമ്പോളത്തിന് വേണ്ടി ബാലാവകാശം എന്നതിനെ ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്നു. നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം തെറ്റാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വാക്‌സിനേഷന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കാന്‍ വാക്‌സിന്‍ വിരുദ്ധപക്ഷത്തെ പ്രധാനികള്‍ തയ്യാറായില്ല.
വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയായത് മലബാറിലാണ്. പ്രത്യേകിച്ച് മലപ്പുറത്ത്. വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ക്ക് എക്കാലത്തും സ്വീകാര്യത ലഭിച്ച മലപ്പുറം എം.ആര്‍ ക്യാമ്പെയിനിനെതിരെയും പുറം തിരിഞ്ഞു നിന്നു.
വാക്‌സിനനകൂലമായി മത- സാമുദായിക നേതാക്കളുടെ വീഡിയോ സന്ദേശങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തന്നെ പുറത്തിറക്കിയിരുന്നു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ സന്ദേശത്തില്‍ പറയുന്നത് ഇതാണ് “മുസ്‌ലിം സഹോദരി സഹോദരന്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ മക്കള്‍ക്ക് വാക്‌സിന്‍ നല്‍കണം. ലോകാടിസ്ഥാനത്തില്‍ നടത്തുന്ന പരിപാടി മക്കളെ രോഗത്തില്‍ നിന്ന് രക്ഷിക്കാനുള്ളതാണ്. എഴുപത്തിയാറ് ലക്ഷം കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്”.
നാളെയാണ് ആ october 3Pls #support_vaccination Panakkad hyderali shihab thangal
Posted by Hainaf Iringannur on Sunday, 1 October 2017
മലപ്പുറത്ത് 12,60,493 കുട്ടികള്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കാനുണ്ടായിരുന്നത്. സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കാനുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളതും മലപ്പുറത്താണ്. ക്യാമ്പെയിന്റെ ആദ്യ ആഴ്ചയില്‍ 102310 കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തിരുന്നു. 131683 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിയ തിരുവനന്തപുരം ജില്ലയ്ക്ക് തൊട്ട് പിറകിലായിരുന്നു മലപ്പുറം.
എന്നാല്‍ പിന്നീട് അമ്പത് ശതമാനം പോലും തികയ്ക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും പരിശ്രമിക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ച് ചേര്‍ത്താണ് രണ്ടാം ഘട്ടത്തില്‍ ക്യാമ്പെയിന്‍ മുന്നോട്ട് നീങ്ങിയത്. ജില്ലാ കലക്ടര്‍മാര്‍ നിയമസാധുതയില്ലാത്ത ഉത്തരവുകളാണ് ഇറക്കിയതെന്ന് വാക്‌സിനെ എതിര്‍ക്കുന്നവരും വാദിക്കുന്നു.
ക്യാമ്പെയിനിന് തിരിച്ചടിയാവുന്ന തരത്തില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഞ്ചാംപനി പിടിപെട്ടത് കേരളത്തിലാണെന്ന് കണക്കുകളില്‍ നിന്ന് മനസിലാകുന്നു. 20969 പേര്‍ക്കാണ് ഈ വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ രോഗം പിടിപെട്ടത്.
മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഇതേ കാരണത്താലാണ്. 95% കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ മാത്രമാണ് റുബെല്ല, മീസില്‍സ് രോഗങ്ങളെ കേരളത്തില്‍ നിന്ന് തുടച്ചു നീക്കാനാവുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍.എല്‍ സരിതയും ആവര്‍ത്തിച്ച് പറയുന്നത്. വിവിധ ജില്ലകളില്‍ നിന്ന കലക്ടര്‍മാരും ഡി.എം.ഒ മാരും വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കി. എന്നാല്‍ കാര്യമായ നടപടി ഉണ്ടായില്ല. ഇത് വാക്‌സിന്‍ വിരുദ്ധര്‍ക്ക് പ്രോത്സാഹനമാകുമെന്നാണ് ആരോഗ്യരംഗത്തുള്ളവരും വാക്‌സിനെ അനുകൂലിക്കുന്നവരും വിലയിരുത്തുന്നത്.